പട്ന: തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വോട്ടർ അധികാർ യാത്രയുടെ സമാപനം തിങ്കളാഴ്ച പട്നയിൽ നടക്കാനിരിക്കെ കമീഷനും കോൺഗ്രസും തമ്മിൽ പോര് കനത്തു. ബീഹാറിലെ കരട് വോട്ടർ പട്ടികയെക്കുറിച്ച് ഒരു പരാതി പോലും കോൺഗ്രസ് നൽകിയില്ലെന്ന് ഇതുവരെ തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞത് കളവാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകളുമായി കോൺഗ്രസ് വക്താവ് പവൻ ഖേര പട്നയിൽ വാർത്തസമ്മേളനം നടത്തി. 89 ലക്ഷം പരാതികൾ തങ്ങൾ കമീഷന് സമർപ്പിച്ചിട്ടുണ്ടെന്നും അവ കൈപ്പറ്റിയതിന്റെ മുദ്രപതിച്ച രസീതുകൾ ജില്ല ഇലക്ടറൽ ഓഫിസർമാർ തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും ഖേര പറഞ്ഞു.
വിചിത്രമായ വസ്തുതകളാണ് ബിഹാർ വോട്ടർപട്ടിക പരിശോധിച്ചപ്പോൾ കോൺഗ്രസിന് ബോധ്യമായതെന്ന് ഖേര കൂട്ടിച്ചേർത്തു. 100 പേരെ വെട്ടി മാറ്റിയ 20,638 ബൂത്തുകളും 200 പേരെ വെട്ടിമാറ്റിയ 1988 ബൂത്തുകളുമുണ്ട്. കുടിയേറ്റ തൊഴിലാളികളെന്നു പറഞ്ഞ് 635 ബൂത്തുകളിൽനിന്ന് വെട്ടിമാറ്റിയ വോട്ടർമാരിൽ 75 ശതമാനവും വനിതകളാണ്. 7931 ബൂത്തുകളിൽനിന്നാണ് മരണപ്പെട്ടവരെന്നു പറഞ്ഞ് 75 ശതമാനം വോട്ടർമാരെ നീക്കം ചെയ്തതെന്നും ഖേര പറഞ്ഞു.
കോൺഗ്രസിന്റെ വാർത്തസമ്മേളനത്തിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളുമായ 89 ലക്ഷം വോട്ടുകൾ വെട്ടി മാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി. അതേസമയം ആ അപേക്ഷകൾ ഒന്നും ചട്ടപ്രകാരമല്ലെന്നും അവരോട് തെളിവുകൾ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും കമീഷൻ അവകാശപ്പെട്ടു.bതെളിവ് സത്യവാങ്മൂലത്തോടൊപ്പം നൽകണമെന്ന് ബീഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കോൺഗ്രസിനോട് ആവശ്യപ്പെട്ടതായും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.