കേരളത്തിൽ നിന്നുള്ള എം.പിമാരുടെ പ്രതിഷേധം
ന്യൂഡൽഹി: ഛത്തിസ്ഗഢിലെ ദുർഗിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും മോചനം ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുന്നു. ബുധനാഴ്ച പാർലമെന്റിൽ ശൂന്യവേളയിൽ സംസാരിക്കാൻ അവസരം ലഭിച്ച കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ എന്നിവർ ഛത്തിസ്ഗഢ് സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടി ചൂണ്ടിക്കാട്ടി. എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ അടക്കമുള്ള കേരളത്തിൽ നിന്നുള്ള എം.പിമാർ സംസാരിക്കാൻ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
ഉച്ചക്ക് 12 മണിക്ക് ശൂന്യവേള ആരംഭിച്ചയുടൻ കെ.സി. വേണുഗോപാലിനാണ് സംസാരിക്കാൻ അവസരം ലഭിച്ചത്. രാജ്യമൊട്ടുക്കും കാൻസർ രോഗികളെയടക്കം സംരക്ഷിക്കുന്ന, പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവെച്ചവരെയാണ് ബി.ജെ.പി സർക്കാർ ജയിലിൽ അടച്ചതെന്ന് കെ.സി കുറ്റപ്പെടുത്തി. തൊട്ടുപിറകെ, കൊടിക്കുന്നിൽ സുരേഷ് എം.പിയും ഇക്കാര്യം ചൂണ്ടിക്കാട്ടി സംസാരിക്കുന്നതിനിടെ ഛത്തിസ്ഗഢിൽ നിന്നുള്ള ബി.ജെ.പി എം.പിമാർ ബഹളം വെച്ച് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ, കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്തുണയുമായി മറ്റു കോൺഗ്രസ് എം.പിമാരും രംഗത്തുവന്നു.
ഇതിനിടെ, ആദിവാസി യുവതികളെ ദാരിദ്ര്യം മുതലെടുത്ത് മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി മതപരിവർത്തനം നടത്തുകയും തൊഴിൽ ചൂഷണം നടത്തുകയും ചെയ്യുകയാണെന്ന് ഛത്തിസ്ഗഢിലെ ബസ്തറിൽ നിന്നുള്ള ബി.ജെ.പി എം.പി മഹേഷ് കശ്യപ് പറഞ്ഞതോടെ, കേരള എം.പിമാർ വീണ്ടും ബഹളം വെച്ചു. ഇതിനെതിരെ കഠിന ശിക്ഷ നൽകുന്ന പുതിയ നിയമം വേണമെന്നും എം.പി ആവശ്യപ്പെട്ടു. ബസ്തർ എം.പിയുടെ പ്രസംഗത്തിന് സഭയിലുണ്ടായിരുന്ന ബി.ജെ.പി അംഗങ്ങൾ ഡസ്കിലടിച്ച് പിന്തുണ അറിയിച്ചു.
രാജ്യസഭയിൽ ഓപറേഷൻ സിന്ദൂർ ചർച്ചക്കിടെ, ജോൺ ബ്രിട്ടാസ് എം.പിയും കന്യാസ്ത്രീകളുടെ വിഷയമുന്നയിച്ചു. ബുധനാഴ്ച സഭ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിയടക്കം കേരളത്തിൽ നിന്നുള്ള എം.പിമാർ പങ്കെടുത്തു. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.