ന്യൂഡൽഹി: ബംഗാളി ഭാഷ സംസാരിക്കുന്നവരെ തിരഞ്ഞുപിടിച്ച് അധികൃതർ നടത്തുന്ന വേട്ടയിൽ ഭയന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് നൂറുകണക്കിനാളുകൾ മടങ്ങുന്നു. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയുടെ പേരിലാണ് ബംഗാളി സംസാരിക്കുന്നവരെ വ്യാപകമായി പിടിച്ചുകൊണ്ടുപോകുന്നുവെന്ന പരാതി ഉയർന്നത്. ഡൽഹിയോട് ചേർന്ന ഹരിയാനയിലെ ഐ.ടി നഗരമായ ഗുരുഗ്രാമിൽ ശുചീകരണം, മാലിന്യം ശേഖരിക്കൽ, വീട്ടു ജോലി തുടങ്ങിയവക്കായി എത്തിയ ബംഗാളിലെ മാൾഡ, മുർശിദാബാദ്, നാദിയ, സൗത്ത് ദിനജ്പുർ മേഖലയിലെ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.
രേഖകളടക്കം നൽകിയിട്ടും ഭർത്താക്കന്മാരെയും സഹോദരന്മാരെയും പിടിച്ചുകൊണ്ടുപോയെന്ന് നിരവധി സ്ത്രീകളാണ് മാധ്യമങ്ങൾക്കു മുന്നിൽ പറയുന്നത്. അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന ബംഗാളിൽനിന്നുള്ള 300ലധികം വ്യക്തികളെ കസ്റ്റഡിയിലെടുത്ത് തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അവരുടെ രേഖകൾ നിലവിൽ പരിശോധിച്ചുവരുകയാണെന്നും ഗുരുഗ്രാം പൊലീസിനെ ഉദ്ധരിച്ച് ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് തന്റെ മകനെ പൊലീസ് പിടിച്ചുകൊണ്ടുപോയി തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഭയത്തേടെയാണ് കഴിയുന്നതെന്നും 60കാരിയായ അഞ്ജും ഖാത്തൂൻ പറയുന്നു. മാൾഡയിൽനിന്നുള്ള അവർ 25 വർഷമായി ഗുരുഗ്രാമിൽ താമസിക്കുന്നു. റേഷൻ, വോട്ടർ, ആധാർ, പാൻ കാർഡുകൾ കൈവശമുണ്ട്. മുസ്ലിംകളായതിനാലും ബംഗാളി സംസാരിക്കുന്നതിനാലും അവർ ഞങ്ങളെ ബംഗ്ലാദേശികളായി മുദ്രകുത്തുന്നുവെന്ന് ഖാത്തൂൻ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വം തെളിയിക്കുന്നതിനുള്ള എല്ലാ സാധുവായ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്, പക്ഷേ, പൊലീസ് കേൾക്കുന്നില്ല. മാൾഡയിലേക്ക് മടങ്ങാൻ ഞങ്ങൾ നിർബന്ധിതരായെന്നും അവർ പറഞ്ഞു.
ഒരാഴ്ചയായി പൊലീസ് പതിവായി ചേരികൾ സന്ദർശിച്ച് പുരുഷന്മാരെ പിടികൂടുന്നുണ്ടെന്ന് സൗത്ത് ദിനജ്പുരിൽനിന്നുള്ള ഫാറൂഖ് പറഞ്ഞു. സാധുവായ രേഖകൾ കാണിച്ചാലും അവരെ പിടിച്ചുകൊണ്ടുപോയി മർദിക്കുകയാണ്. തങ്ങളും ഉടൻതന്നെ ബംഗാളിലേക്ക് മടങ്ങും. ഇതിനകം 400ലധികം കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങിയതായും ഫാറൂഖ് വ്യക്തമാക്കി. Bengali-speaking migrant workers pack upഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി സംസ്ഥാനങ്ങളിൽനിന്നും ഇത്തരത്തിൽ ബംഗ്ലാദേശിലേക്ക് നാടുകടത്തിയവരിൽ ഏതാനും പേരെ ബംഗാൾ സർക്കാർ ഇടപെട്ട് തിരിച്ചുകൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.