ന്യൂഡൽഹി: ബിഹാറിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 98.2 ശതമാനം വോട്ടർമാരുടെയും രേഖകൾ ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. 1.8 ശതമാനം വോട്ടർമാർ മാത്രമാണ് രേഖകൾ സമർപ്പിക്കാനുള്ളത്. വോട്ടർ പട്ടികയിൽ ഇടംലഭിക്കുന്നതിനുള്ള യോഗ്യത ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ സെപ്റ്റംബർ ഒന്നുവരെയാണ് സമയം.
അതുവരെ ഉണ്ടാകുന്ന എല്ലാ അവകാശവാദങ്ങളും രേഖകളുടെ സൂക്ഷ്മപരിശോധനയും ബന്ധപ്പെട്ട ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാരോ അസി.ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാരോ സെപ്റ്റംബർ 25ന് ഉള്ളിൽ പരിശോധിച്ച് അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30ന് പുറത്തിറക്കുമെന്നും കമീഷൻ അറിയിച്ചു.
ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലുള്ള 7.24 കോടി വോട്ടർമാരിൽ 0.16 ശതമാനം വോട്ടർമാരിൽനിന്ന് മാത്രമേ അവകാശവാദങ്ങളും എതിർപ്പുകളും ലഭിച്ചിട്ടുള്ളൂ.
ബിഹാറിൽ അംഗീകാരമുള്ള 12 രാഷ്ട്രീയപാർട്ടികളിൽനിന്ന് ലഭിച്ചത് പത്ത് പരാതികളാണ്. വിവിധ നിയമസഭ മണ്ഡലങ്ങളിൽനിന്ന് 1,21,143 വോട്ടർമാർ അവകാശവാദങ്ങൾ ഉന്നയിച്ചതായും കമീഷൻ വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ 11 രേഖകളാണ് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ നൽകിയ ഹരജിയിൽ ആധാർകൂടി ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണമല്ല, വോട്ടർമാരെ കൂട്ടത്തോടെ പുറന്തള്ളലാണ് ബിഹാറിൽ നടക്കുന്നതെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ. ന്യൂഡൽഹിയിൽ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് ‘വോട്ടു കൊള്ള: ജനാധിപത്യത്തിന്റെ മരണം’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു സിബൽ.
പ്രതിപക്ഷത്തിന് വോട്ടുചെയ്യുന്നവരെ പുറത്താക്കുകയാണ് ബി.എൽ.ഒമാർ ചെയ്യുന്നത്. അത് കൊണ്ടാണ് 65 ലക്ഷം വോട്ടർമാർ പുറത്തായത്. 2014ൽ അധികാരത്തിലേറിയ ബി.ജെ.പിയുടെ വിഷലിപ്തമായ ഭരണത്തിനെതിരെ ഇന്ത്യയൊന്നാകെ ഉയർന്നെണീക്കണമെന്ന് സിബിൽ ആഹ്വാനം ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും വോട്ടവകാശത്തിന് വേണ്ടിയുള്ള യാത്രയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് മറ്റ് രേഖകൾക്കൊപ്പം ആധാർ സമർപ്പിക്കാമെന്നാണ് കോടതി പറഞ്ഞതെന്നും ആധാർ മാത്രം മതിയെന്ന് പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബി.ജെ.പി. ആധാർ തിരിച്ചറിയൽ രേഖ മാത്രമാണ്. അത് പൗരത്വം തെളിയിക്കുന്ന രേഖയല്ല. വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഇത് രേഖയായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടില്ലെന്നും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
സുപ്രീംകോടതി പറയാത്തത് പ്രചരിപ്പിക്കുന്നത് കോടതിയലക്ഷ്യമാണ്. വോട്ടർ പട്ടികയിലെ ബംഗ്ലാദേശി, റോഹിങ്ക്യ പേരുകൾ നീക്കം ചെയ്യപ്പെടും. വിദേശികളല്ല, ഇന്ത്യൻ പൗരന്മാരാണ് ബിഹാറിൽ അടുത്ത സർക്കാറിനെ തെരഞ്ഞെടുക്കുക. കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരുകളിൽ വ്യാജന്മാരും മരിച്ചവരും ബംഗ്ലാദേശി, റോഹിങ്ക്യ പൗരന്മാരും ഉൾപ്പെട്ടിരുന്നുവെന്നും അമിത് മാളവ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.