ആ സമയത്ത് മറ്റൊന്നും ആലോചിച്ചില്ല, ആ കുഞ്ഞ് മാത്രമായിരുന്നു മനസിൽ; നവജാതശിശുവിന് വാക്സിൻ നൽകാൻ ഒഴുകുന്ന നദി ചാടിക്കടന്ന് ഹിമാചൽ നഴ്സ്

സ്വന്തം ജീവൻ പണയം വെച്ച് നവജാത ശിശുവിന് വാക്സിൻ നൽകാൻ പോകുന്ന നഴ്സിന്റെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹിമാചൽ പ്രദേശിലെ കമല ദേവിയാണ് കുത്തൊലിച്ചൊഴുകുന്ന നദിയിലെ പാറക്കെട്ടുകൾ ചാടിക്കടന്ന് നവജാത ശിശുവിന് വാക്സിൻ നൽകാൻ പോയത്. കുത്തൊലിക്കുന്ന വെള്ളത്തിനിടയിലൂടെ ഒരു പാറക്കെട്ടിൽ നിന്ന് മറ്റൊന്നിലേക്ക് ഈ 40 കാരി ചാടിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അവരുടെ ഒരു കൈയിൽ ഷൂവും ഷോൾഡറിൽ മരുന്നും കിറ്റുമടങ്ങിയ ബാഗും കാണാം.

ആ കുഞ്ഞിനെ ഓർത്തുമാത്രമാണ് എനിക്ക് ആശങ്ക തോന്നുന്നത്. കനത്ത മഴ മൂലം അമ്മക്ക് കുഞ്ഞിനെ വാക്സിനേഷന് ​കൊണ്ടുവരാൻ കഴിയില്ല. അതിനാൽ അവർക്കടുത്തേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു.-കമല ദേവി മാധ്യമങ്ങളോട് പറഞ്ഞു.

പധാർ തെഹ്‌സിലിലെ സുധാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിയമിതയായ കമലാ ദേവിക്ക് സ്വാർ ഹെൽത്ത് സബ് സെന്ററിന്റെ അധിക ചുമതല നൽകിയിരുന്നു.

വെള്ളിയാഴ്ചയാണ് സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ നദി കടന്ന് കുഞ്ഞിന് വാക്സിൻ നൽകാൻ അവർ പോയത്. നവജാത ശിശുവിന്റെ ആരോഗ്യം മാത്രമായിരുന്നു അപ്പോൾ അവരുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. വിഡിയോ വൈറലായതോടെ കമല ദേവിയുടെ ഫോണിന് വിശ്രമമില്ലാതായി. നിരവധി പേരാണ് അവരെ അഭിനന്ദിച്ച് വിളിക്കുന്നത്.

ഇത്തരം ആളുകൾ അഭിനന്ദനം അർഹിക്കുന്നുവെന്നായിരുന്നു വിഡിയോക്ക് താഴെ ഒരാൾ പ്രതികരിച്ചത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡ് വഴിയുള്ള യാത്ര സാധിക്കാതെ വന്നപ്പോഴാണ് അവർ ഇത്തരമൊരു സാഹസികവഴി തെരഞ്ഞെടുത്തത്. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ മറ്റ് തരത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അതേസമയം, കമല ദേവിയുടെ നിസ്വാർഥ സേവനം അഭിനന്ദനാർഹമാണെങ്കിലും ആരോഗ്യ പ്രവർത്തകർ ഇത്തരത്തിലുള്ള ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ദീപാലി ശർമ അറിയിച്ചു.

Tags:    
News Summary - Himachal nurse jump over raging river to vaccinate newborn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.