മംഗളൂരു: ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വർഗീയവും പ്രകോപനപരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ഉഡുപ്പി ജില്ലാ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സർക്കാർ തീരുമാനം ‘ഹിന്ദു മതത്തെ അപമാനിക്കുന്നതാണ്’ എന്ന് ജഗദീഷ് ഉദുപ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മറ്റൊരു കേസിൽ, സുദീപ് ഷെട്ടി നിട്ടെ എന്ന ഫേസ്ബുക്ക് പേജ് മുഷ്താഖിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും കോൺഗ്രസ് ‘ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു’ എന്ന് ആരോപിക്കുകയും ചെയ്തു. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 353(2) പ്രകാരമാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്.
ഹാസനിൽ നിന്നുള്ള എഴുത്തുകാരിയും ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് സെപ്റ്റംബർ 22 ന് ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഒരു കന്നഡ എഴുത്തുകാരി ആദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയത് അഭിമാനകരമാണെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഹാർട്ട് ലാമ്പ്' (യെദേയ ഹനാതെ) എന്ന പുസ്തകത്തിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ബാനു, കർഷക പ്രക്ഷോഭം, കന്നഡ പ്രസ്ഥാനം തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
2017-ൽ സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദസറ ഉത്സവം ഉദ്ഘാടനം ചെയ്ത പ്രശസ്ത കവി കെ.എസ്. നിസ്സാർ അഹമ്മദിന് ശേഷം ദസറ ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ മുസ്‍ലിമാണ് പ്രശസ്ത കന്നഡ എഴുത്തുകാരിയായ ബാനു മുഷ്താഖ്.
ലോകപ്രശസ്തമായ മൈസൂർ ദസറയുടെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് നിലവിൽ വിദേശത്തുള്ള ബാനു മുഷ്താഖ് പറഞ്ഞു. ഇതേക്കുറിച്ച് ആദ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് പറഞ്ഞ ബാനു, ലോകമെമ്പാടുമുള്ള നിരവധി വ്യക്തികൾ ഫോൺവിളിച്ചും സന്ദേശങ്ങൾ അയച്ചും അഭിനന്ദിച്ചതായി അറിയിച്ചു. മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡിയും തന്നെ വിളിച്ച് ഉദ്ഘടാനക്കാര്യം അറിയിച്ചതായി ചൂണ്ടിക്കാട്ടിയ ബാനു, ക്ഷണം ലഭിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും ആവർത്തിച്ചു.
‘1980കളുടെ തുടക്കം മുതൽ ഞാൻ ഉൾപ്പെട്ടിരുന്ന എന്റെ സാഹിത്യത്തെയും പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഞാൻ ശ്രദ്ധിച്ചു. എന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചിട്ടുണ്ട്. ദസറ ഉദ്ഘാടനം ചെയ്യാൻ കഴിയുന്നത് എനിക്ക് ഏറെ അഭിമാനകരമാണ്. എന്റെ സാഹിത്യകൃതികൾക്കും കന്നഡ സംസ്കാരത്തിനും സാമൂഹിക ബന്ധത്തിനും ഇത് ബഹുമതി കൂടിയാണ്. കോടിക്കണക്കിന് കന്നഡിഗരുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി ദസറ ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് എനിക്ക് മികച്ച നിമിഷമാണ്’ -അവർ പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് മൈസൂർ ഭരണാധികാരി ജയചാമരാജ വോഡിയാർ ദസറ ഘോഷയാത്ര അലങ്കരിച്ചപ്പോൾ, തന്റെ മാതാപിതാക്കൾക്കൊപ്പം ദസറ കാണാൻ അവസരം ലഭിച്ചതും അവർ ഓർത്തു. ഈ വർഷത്തെ ദസറ ഉത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെയാണ്.
ദസറ ഉദ്ഘാടനം ചെയ്യുന്ന അഞ്ചാമത്തെ വനിതയും ആദ്യത്തെ മുസ്‍ലിം വനിതയുമാണ് ബാനു മുഷ്താഖ്. 1999ൽ പ്രശസ്ത സംഗീതജ്ഞ ഡോ. ഗംഗുബായ് ഹംഗലും 2001ൽ ബഹുഭാഷാ നടി ബി. സരോജാദേവിയും 2018ൽ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സുധ മൂർത്തിയും 2022ൽ പ്രസിഡൻറ് ദ്രൗപതി മുർമുവുമാണ് മേള ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.