മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയ മുൻ ശുചീകരണ ജീവനക്കാരൻ ശനിയാഴ്ച കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മുമ്പാകെ ഹാജരായി. സംഘം താൽക്കാലികമായി ക്യാമ്പ് ചെയ്യുന്ന മംഗളൂരു കദ്രിയിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ അഭിഭാഷകർക്കൊപ്പം എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമയുടെ മുമ്പാകെ മൊഴി നൽകിയത്.
പ്രത്യേക അന്വേഷണസംഘത്തിലെ ഡി.ഐ.ജി എം.എൻ അനുചേത്, അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മംഗളൂരുവിലെത്തി ദക്ഷിണ കന്നട പൊലീസിൽനിന്ന് കേസ് ഫയലുകൾ ഔദ്യോഗികമായി ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ദയാമ ധർമസ്ഥല പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ധർമസ്ഥല ഗ്രാമപരിധിയിലും പരിസരപ്രദേശങ്ങളിലും ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ ഭീഷണിപ്പെടുത്തി നിർബന്ധിച്ചുവെന്ന് ആരോപിച്ച് മുൻ ശുചീകരണ തൊഴിലാളിയായ പരാതിക്കാരൻ നേരത്തേ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ടിനും ധർമസ്ഥല പൊലീസ് സ്റ്റേഷനും പരാതി നൽകിയിരുന്നു. കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവെക്കാൻ തന്നെ നിർബന്ധിച്ചുവെന്നും പരാതിയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പരാതിയെതുടർന്ന് ഈ മാസം നാലിന് ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
19ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചു. കർണാടക സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്സൻ നാഗലക്ഷ്മി ചൗധരിയുടെ കത്തിന് മറുപടിയായാണ് സർക്കാർ എസ്.ഐ.ടി രൂപവത്കരിക്കാൻ തീരുമാനമെടുത്തത്. ബെൽത്തങ്ങാടിയിൽ പുതുതായി നിർമിച്ച പൊലീസ് പാർപ്പിടത്തിന്റെ രണ്ടുനിലകളിൽ എസ്.ഐ.ടി പ്രവർത്തനത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. അതുവരെ സംഘം ഐ.ബി കേന്ദ്രീകരിച്ചാവും പ്രവർത്തിക്കുക. ധർമസ്ഥല അധികാരികളുടെ സ്വാധീന മേഖലയായ ബെൽത്തങ്ങാടിയിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി മാത്രമേ എസ്.ഐ.ടി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.