യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി എം.എൽ.എ പൂജ പാൽ
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ നിന്നും പുറത്താക്കിയ എം.എൽ.എ പൂജ പാൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശ് സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ചതിനെത്തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കമില്ലായ്‌മയും ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് അഖിലേഷ് യാദവാണ് പൂജ പാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
'നിങ്ങൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. മുന്നറിയിപ്പ് നൽകിയിട്ടും ഈ പ്രവർത്തനങ്ങൾ നിർത്തിയില്ല. ഇതുമൂലം പാർട്ടിക്ക് വളരെയധികം നഷ്ടമുണ്ടായി. നിങ്ങൾ ചെയ്ത പാർട്ടി വിരുദ്ധവും ഗുരുതരമായ അച്ചടക്ക ലംഘനവുമാണ്. അതിനാൽ നിങ്ങളെ ഉടനടി സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു.' എന്ന് പൂജ പാലിന് എഴുതിയ കത്തിൽ അഖിലേഷ് വ്യക്തമാക്കി.
അതീഖ് അഹമ്മദും കൂട്ടാളിയും വെടിവച്ചു കൊലപ്പെടുത്തിയ രാജു പാലിൻ്റെ ഭാര്യയാണ് പൂജ പാൽ. 'വിഷൻ ഡോക്യുമെൻ്റ് 2047' എന്ന വിഷയത്തിൽ യു.പി നിയമസഭയിൽ നടത്തിയ 24 മണിക്കൂർ മാരത്തൺ ചർച്ചയിൽ സംസാരിക്കവെയാണ് പൂജ പാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ചത്.
'തന്റെ ഭർത്താവിനെ (രാജു പാൽ) ആരാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവർക്കും അറിയാം. മറ്റാരും പ്രതികളെ കണ്ടെത്താത്തപ്പോൾ എനിക്ക് നീതി ലഭ്യമാക്കിയതിനും എൻ്റെ വാക്കുകൾ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആതിക് അഹമ്മദിനെപ്പോലുള്ള കുറ്റവാളികളെ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവന്നതോടെ എന്നെപ്പോലുള്ള നിരവധി സ്ത്രീകൾക്ക് മുഖ്യമന്ത്രി നീതി നൽകി. ഇന്ന്, മുഴുവൻ സംസ്ഥാനവും മുഖ്യമന്ത്രിയെ വിശ്വാസത്തോടെയാണ് നോക്കികാണുന്നത്.' എന്നാണ് പൂജ പാൽ യോഗിയെ പ്രശംസിച്ച് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.