ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളും വ്യക്തികളും പരാജയപ്പെട്ടുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർ പട്ടികയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും സമയം നൽകാറുണ്ട്. ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ നിശ്ചിത സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇ.ആർ.ഒ) അവ പരിശോധിച്ച് തിരുത്താമായിരുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും കരട് റോളുകൾ അവലോകനം ചെയ്യുന്നതിൽ പരാജയപ്പെട്ടു. അവർ എതിർപ്പുകൾ ഒന്നും ഉന്നയിച്ചില്ല. കരട് വോട്ടർ പട്ടിക, ഡിജിറ്റൽ, അച്ചടി ഫോർമാറ്റുകളിൽ പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ പൊതുജനങ്ങൾക്ക് വേണ്ടി വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
പട്ടികകളുടെ കൃത്യതയുടെ ഉത്തരവാദിത്തം ഇ.ആർ.ഒമാർക്കും ബി.എൽ.ഒമാർക്കുമാണെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയുന്നതിനായി വാർത്താ സമ്മേളനം നടത്താനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ വോട്ടർ പട്ടികയിൽ വൻതോതിലുള്ള കൃത്രിമത്വം നടത്തിയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച അരോപണം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർത്തതായും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബി.ജെ.പി 32,707 വോട്ടുകൾക്ക് വിജയിച്ച കർണാടകയിലെ ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിന്റെ ഭാഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ രേഖപ്പെടുത്തിയതായും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മറ്റ് പല മണ്ഡലങ്ങളിലും സമാനമായ ക്രമക്കേടുകൾ നടന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.