പൊലീസ് പിടികൂടിയ ഹർഷ് വർധൻ ജെയിൻ, ഗാസിയാബാദിലെ വ്യാജ എംബസി കാര്യാലയം (വലത്)
ന്യൂഡൽഹി: കള്ള നോട്ട് മുതൽ ആൾമാറാട്ടം വരെ തട്ടിപ്പുകളൊന്നും പുതുമയുള്ള കഥയല്ല. എന്നാൽ, സ്വന്തമായി എംബസിയും അംബാസഡർ പദവിയുമായി ഒരു നയതന്ത്ര കാര്യാലയം നടത്തുക...!. വ്യാജനെ തേടിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള ഈ അറസ്റ്റ്. രാഷ്ട്ര പദവികളില്ലാത്ത സ്വയംപ്രഖ്യാപിത രാജ്യങ്ങളുടെ പേരിൽ എംബസി നടത്തി അംബാസഡർ ചമഞ്ഞ ഹർഷ് വർധൻ ജെയിനിനെയാണ് ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ യു.പി പ്രത്യേക ദൗത്യസേന അറസ്റ്റു ചെയ്തത്. ‘വെസ്റ്റ് ആർടിക’ എന്ന മൈക്രോനാഷന്റെ പേരിലായിരുന്നു ഇദ്ദേഹം എംബസിയും നയതന്ത്ര കാര്യാലയവും നടത്തിയത്.
വാടകക്കെടുത്ത ബംഗ്ലാവിൽ ഹർഷ് വർധൻ പണിത ‘വ്യാജ എംബസി’ കണ്ട് അന്വേഷണ ഉദ്യോഗസ്ഥരും അതിശയിച്ചു. ഇരകളെ വിശ്വസിപ്പിക്കാൻ ‘എംബസി’ കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയും, പുറത്ത് ആഡംബര കാറുകളുടെയും നിര. നീല ബോർഡും, ചുവന്ന ഡിേപ്ലാമാറ്റിക് നമ്പർ േപ്ലറ്റുകളുമായി ആകെ ഔദ്യോഗിക പകിട്ട്. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമില്ലാത്ത കൊച്ചു ഭൂപ്രദേശങ്ങളായ വെസ്റ്റ് ആർടിക, സബോർഗ, പൗൾവിയ, ലൊഡോണിയ തുടങ്ങിയവയുടെ അംബാസഡറും, കോൺസലും ചമഞ്ഞായിരുന്ന ഇയാൾ ഗാസിയാബാദിലെ സാമ്രാജ്യം വാണതെന്ന് പൊലീസ് അറിയിച്ചു. സ്വതന്ത്ര രാജ്യമാണെന്ന് അവകാശപ്പെടുകയും, എന്നാൽ ഏതെങ്കിലും ഔദ്യോഗിക സർക്കാരോ അന്താരാഷ്ട്ര സംഘടനയോ അംഗീകരിക്കാത്തതുമായ ചെറിയ, സ്വയം പ്രഖ്യാപിത രാജ്യങ്ങളുടെ സ്ഥാപനമാണ് മൈക്രോനേഷൻ.
ചുവന്ന നിറത്തിലെ നിരവധി ഡിേപ്ലാമാറ്റിക് നമ്പർ േപ്ലറ്റുകൾ ഇയാളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പാസ്പോർട്ടുകൾ, ഐഡി കാർഡ്, വിവിധ രാജ്യങ്ങളുടെ പേരിലുള്ള കൃത്രിമ രേഖകൾ എന്നിവ കണ്ടെത്തി. നയതന്ത്ര നമ്പർ േപ്ലറ്റ് പതിച്ച നാല് വാഹനങ്ങൾ, 12 ഡിേപ്ലാമാറ്റിക് പാസ്പോർട്ട്, ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ രേഖ, രണ്ട് പാൻകാർഡ്, വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും പേരിലെ സീലുകൾ, മാധ്യമ സ്ഥാപനങ്ങളുടെ പേരിലെ തിരിച്ചറിയൽ കാർഡ്, 44.7 ലക്ഷം രൂപ, വിദേശരാജ്യങ്ങളുടെ കറൻസി എന്നിവയും കണ്ടെത്തി. ഉന്നത ബന്ധങ്ങളും, പദവികളുമുണ്ടെന്ന വ്യാജേനെ വിദേശങ്ങളിൽ നിക്ഷേപം ആഗ്രഹിക്കുന്ന വ്യക്തികളെ വലയിലാക്കി തട്ടിപ്പു നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുൽകലാം, വിവിധ ലോകനേതാക്കൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും വ്യാജമായി നിർമിച്ച് വിശ്വാസ്യത വർധിപ്പിച്ചു. അതേസമയം, വിവാദ ആൾദൈവം ചന്ദ്രസ്വാമിയും ആയുധ ദല്ലാൾ അദ്നാൻ ഖഷോകിയുമായും ഹർഷ് വർധൻ ജെയിനിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹവാല സംഘവുമായുള്ള ബന്ധവും സംശയിക്കുന്നുണ്ട്. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഗാസിയാബാദ് കവിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ തട്ടിപ്പിന് പിന്നിലെ സംഘത്തെ കുറിച്ചും അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.