വീണ്ടും ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ദ്വാരക സെക്ടർ 5ലെ ബി.ജി.എസ് ഇന്റർനാഷനൽ പബ്ലിക് സ്കൂൾ അടക്കം ഡൽഹിയിലെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി. ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. സ്കൂളുകളിൽ ബോംബ് വെച്ചതായ സന്ദേശം ലഭിച്ചയുടൻ ഡൽഹി പൊലീസ് സ്‍ഥലത്തെത്തി അന്വേഷണം തുടങ്ങി. വ്യാജ ബോംബ് ഭീഷണിയാണിതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിലെ 30 സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇതെല്ലാം വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തി. ബുധനാഴ്ച രാജ്യതലസ്ഥാനത്തെ 50 സ്കൂളുകളിലും ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശ​മെത്തി. അതും പിന്നീട് ​വ്യാജമാണെന്ന് തെളിഞ്ഞു.

ഡി.എ.വി പബ്ലിക് സ്കൂൾ, ഫെയ്ത്ത് അക്കാദമി, ഡൂൺ പബ്ലിക് സ്കൂൾ, സർവോദയ വിദ്യാലയ, രാഹുൽ മോഡൽ സ്കൂൾ, ദ്വാരകയിലെ മാക്സ്ഫോർട്ട് സ്കൂൾ, മാളവ്യ നഗറിലെ എസ്.കെ.വി, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവ ബോംബ് ഭീഷണി സന്ദേശം ലഭിച്ച സ്കൂളുകളാണ്.

ടെററൈസേഴ്സ്111 എന്ന ഗ്രൂപ്പിൽ നിന്നാണ് എല്ലാ ബോംബ് ഭീഷണി സന്ദേശങ്ങളും ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ബോംബ് വെക്കാതിരിക്കണമെങ്കിൽ 2000 ഡോളർ ക്രിപ്റ്റോ കറൻസിയായി നൽകണമെന്നും ഭീഷണി സന്ദേശമയച്ചവർ ആവശ്യപ്പെട്ടിരുന്നു.

''ഞങ്ങൾ ടെററൈസേഴ്സ് 111 എന്ന സംഘത്തിൽ പെട്ടവരാണ്. നിങ്ങളുടെ കെട്ടിടത്തിലും ഡൽഹി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഞങ്ങൾ സ്ഫോടക വസ്തുക്കൾ വെച്ചിട്ടുണ്ട്. സ്കൂളുകളിലെ ക്ലാസ് മുറികളിലും ഓഡിറ്റോറിയങ്ങളിലും സ്റ്റാഫ് റൂമുകളിലും സ്കൂൾ ബസുകളിലും ബോംബ് വെച്ചിട്ടുണ്ട്. പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങളെ ഐ.ടി സിസ്റ്റം തകർത്ത് വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഡാറ്റകൾ കൈവശപ്പെടുത്തിയിട്ടുണ്ട് ഞങ്ങൾ​''-എന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

പണം കൈമാറാനുള്ള വിലാസവും ഇമെയിലുണ്ട്. പണം നൽകിയാൽ ഉടൻ ബോംബുകൾ നിർവീര്യമാക്കുമെന്നും സംഘം ഉറപ്പു പറയുന്നുമുണ്ട്.

Tags:    
News Summary - Five Delhi schools get bomb threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.