തേജസ്വി യാദവ്
ന്യൂഡൽഹി: കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച വിവാദ ഭരണഘടന ഭേദഗതി ബില്ലിനെ പരിഹസിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. എന്നാൽ ഈ ബില്ല് എൻ.ഡി.എ അണികളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ലക്ഷ്യമിട്ടുള്ളതാണെന്നാണ് തേജസ്വി യാദവ് പരിഹസിച്ചത്.
''നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ലക്ഷ്യമിട്ടാണ് അവർ ഈ ബില്ല് കൊണ്ടുവന്നത്. ബ്ലാക്മെയിൽ ചെയ്യുക എന്ന ഒരു ജോലി മാത്രമേ അവർക്കുള്ളൂ. ഇ.ഡി കേസുകളിൽ പി.എം.എൽ.എ(കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം)ഉപയോഗിച്ചാൽ പെട്ടെന്ന് ജാമ്യം ലഭിക്കില്ല. ഇതൊരു തരം പീഡന തന്ത്രമാണ്. രാജ്യത്തെ വികസിപ്പിക്കുന്നതിന് പകരം അവർ നശിപ്പിക്കുകയാണ്''-തേജസ്വി യാദവ് ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച കാര്യവും തേജസ്വി യാദവ് സൂചിപ്പിച്ചു. പിന്നീട് അവർ കുറ്റവിമുക്തരായി. പുതിയ നിയമവും ഇതേ രീതിയിൽ തന്നെയാകും ദുരുപയോഗം ചെയ്യുകയെന്നും തേജസ്വി യാദവ് ആരോപിച്ചു.
ജനങ്ങളെ ബ്ലാക്മെയിൽ ചെയ്യാനുള്ള പുതിയ വഴിയാണിത്. നേരത്തേയും നിരവധി പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് അവർ കുറ്റവിമുക്തരായി. അതാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും തേജസ്വി കൂട്ടിച്ചേർത്തു.
പുതിയ ബില്ലിനെ ഏറ്റവും കൂടുതൽ ഭയക്കുന്നത് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമാണെന്ന് കഴിഞ്ഞ ദിവസം ശിവസേന(യു.ബി.ടി)നേതാവ് സഞ്ജയ് റാവുത്തും അവകാശപ്പെട്ടിരുന്നു.
അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി ഒരു മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുന്ന വിവാദ ബില്ലാണ് ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.
അഞ്ചുവർഷത്തിലധികം ശിക്ഷയുള്ള കേസുകളിൽ അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള 130ാം ഭരണഘടന ഭേദഗതി ബിൽ കനത്ത പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടെ സംയുക്ത പാർലമെൻററി സമിതിക്ക് (ജെ.പി.സി) വിട്ടു. എന്നാൽ രാജിവെക്കാൻ തയാറായില്ലെങ്കിൽ 31ാം ദിവസം സ്വാഭാവികമായി അവർ പദവിയിൽ നിന്ന് പുറത്താക്കപ്പെടും. അതേസമയം, കുറ്റവിമുക്തരാകുന്ന മുറക്ക് ശിക്ഷിക്കപ്പെട്ടവർക്ക് പദവിയിൽ തിരിച്ചെത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.