ന്യൂഡൽഹി: ചൈനീസ് പൗരൻമാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനസ്ഥാപിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നീണ്ട 5 വർഷത്തിന് ശേഷമാണ് ഇന്ത്യ ടൂറിസ്റ്റ് വിസ പുന:സ്ഥാപിക്കുന്നത്. ജൂലൈ 24 മുതൽ ചൈനീസ് പൗരൻമാർക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഓൺലൈൻ വഴി വിസ ഫോം പൂരിപ്പിച്ചവർക്ക് വെബ് ലിങ്ക് വഴി അപ്പോയിൻമെന്‍റ് എടുക്കാം. അതിനു ശേഷം പാസ്പോർട്ടും അനുബന്ധ രേഖകളുമായി ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്‍ററിൽ ഹാജരാകണം.
2020ൽ കോവിഡ് കാലത്താണ് ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. 22000 ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞ ചൈനീസ് നടപടിക്ക് പകരമായാണ് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകുന്നത് നിർത്തി വച്ചത്,.
ഈ വർഷമാദ്യം ഇരു രാജ്യങ്ങളും ഡെപാസാങ്, ഡെംചോക്ക് അതിർത്തിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത് ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ നാലു വർഷമായി നില നിന്നിരുന്ന പിരിമുറക്കത്തിൽ അയവ് വരുത്താൻ സഹായിച്ചു.
കൂടാതെ ഡൽഹിയിൽ നിന്ന് ചൈനയിലേക്കും തിരികെയും നേരിട്ടുള്ള വിമാന സർവീസുകൾ പുനസ്ഥാപിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖാപിച്ചിരുന്നു. ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി ചൈന സന്ദർശിച്ചതിനു ശേഷമായിരുന്നു ഈ നടപടി. അന്നത്തെ സന്ദർശനത്തിൽ കൈലാസ പർവതം, മാനസ സരോവർ തീർഥാടനം പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു.
ഷാങ്ഹായ് കോർപ്പറേഷന്‍റെ വിദേശ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. ജയ് ശങ്കർ പ്രസാദ് ചൈന സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.