മദ്ദൂർ താലൂക്ക് ഓഫിസിന് മുന്നിൽ തിങ്കളാഴ്ച ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ബെംഗളൂരു: വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, കർണാടകത്തിലെ മദ്ദൂരിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസ്. ഞായറാഴ്ച വൈകീട്ട് മദ്ദൂർ നഗരത്തിലെ റാം റഹിം നഗറിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായതെന്ന് മാണ്ഡ്യ പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
പ്രകോപിതരായ ജനക്കൂട്ടം ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമഴിച്ചുവിട്ടു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ പൊലീസ് റൂട്ട് മാർച്ച് നടത്തി.
ഞായറാഴ്ച വൈകീട്ട് എട്ടോടെയായിരുന്നു സംഭവം. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പോലീസ് ഗണേശ നിമജ്ജനം നടത്തിയത്.
ഇതിനിടെ ഒരുവിഭാഗം ആളുകൾ സമീപത്തെ ആരാധനാലയത്തിന് മുന്നിൽ പ്രതിഷേധത്തിന് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തുടർന്ന് എസ്.പി മല്ലികാർജുൻ ബാലദന്ദി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. സമാധാനാന്തരീക്ഷം തകർക്കുന്ന ഒരു നീക്കവും നടത്തരുതെന്ന് പൊലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. സാധാരണ നില പുനഃസ്ഥാപിക്കുന്നതിന് നിയമപാലകരുമായി സഹകരിക്കണമെന്ന് ജില്ല ഭരണകൂടം ഇരു സമുദായങ്ങളോടും അഭ്യർത്ഥിച്ചു.
മാണ്ഡ്യയിലെ മദ്ദൂരില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും സംഭവസ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. സംഘർഷം സൃഷ്ടിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. സംഭവത്തിനുശേഷം നിമജ്ജന ചടങ്ങ് പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് ഒന്നു രണ്ടു ചെറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യമായ പൊലീസിനെ സംഘർഷ മേഖലയിൽ വിന്യസിക്കും. ജനങ്ങളും ഇതിനോട് സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അഭ്യർഥിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകള്‍ പ്രദേശത്തെത്തി കാവിക്കൊടി ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തി. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ചെറിയ തോതില്‍ ബലപ്രയോഗം നടത്തി. പ്രദേശവാസികള്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനോടനുബന്ധിച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.
മദ്ദൂരില്‍ ഇന്നും ബന്ദ് ആചരിക്കുമെന്ന് വിവിധ സംഘടനകള്‍ പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയിൽ എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണര്‍ കുമാര, പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ഡി എന്നിവര്‍ നഗരത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.