ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: സാൻഗ്ലി ജില്ലയിലുള്ള ഇസ്ലാംപുരിന്റെ പേര് ഈശ്വർപുർ എന്നാക്കി മാറ്റാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര സർക്കാർ. വ്യാഴാഴ്ച നടന്ന മന്ത്രിസഭയിലെ തീരുമാനം വെള്ളിയാഴ്ച പൊതുവിതരണ മന്ത്രിയും അജിത് പവാർ പക്ഷ എൻ.സി.പി നേതാവുമായ ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിക്കുകയായിരുന്നു. പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അനുമതി തേടും.
ഇസ്ലാംപൂരിന്റെ പേര് ഈശ്വരപൂർ എന്ന് മാറ്റണമെന്ന് സാംഗ്ലി കലക്ടറേറ്റിനോട് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിസ്താൻ മുന്നോട്ടുവച്ച നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. സാംബാജി ഭിഡെ നയിക്കുന്ന ശിവ് പ്രതിസ്താൻ തങ്ങളുടെ ആവശ്യം നിറവേറ്റുന്നതുവരെ വിശ്രമിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1986 മുതൽ പേര് മാറ്റത്തിനുള്ള ആഹ്വാനം തുടരുകയാണെന്ന് ഇസ്ലാംപൂരിൽ നിന്നുള്ള ഒരു ശിവസേന നേതാവ് പറഞ്ഞു.
ഹിന്ദുമതം, ബുദ്ധമതം, സിഖ് മതം എന്നിവയല്ലാതെ മറ്റേതെങ്കിലും മതത്തിൽപ്പെട്ട ഒരാൾ വ്യാജമായി പട്ടികജാതി സർട്ടിഫിക്കറ്റ് നേടിയാൽ അത് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ പുതിയ പ്രഖ്യാപനം. വ്യാജമായി പട്ടികജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി പോലുള്ള സംവരണ ആനുകൂല്യങ്ങൾ നേടിയിട്ടുണ്ടെങ്കിൽ ആ വ്യക്തിക്കെതിരെ നടപടിയെടുക്കും. അത്തരത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെങ്കിൽ, തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കപ്പെടുമെന്നും ഫഡ്‌നാവിസ് നിയമസഭയിൽ സംസാരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.