mamatha

ഭാഷാ ഭീകരതക്കെതിരെ മമതാ ബാനർജിയുടെ ഭാഷാ ആ​​േന്താളന് ടാഗോറി​ന്റെ തട്ടകത്തിൽ തുടക്കം

കെൽക്കത്ത: ഭാഷാ ഭീകരതക്കെതിരെ പ്രതികരിക്കാനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രണ്ടാം ഭാഷാ ആ​​േന്താളന് ബോൽപൂരിലെ ബീർഭൂമിയിൽ തുടക്കം.

ബംഗാളി സംസാരിക്കുന്ന പുറത്തുള്ളവരെ ബംഗ്ലാദേശി ഭീകരർ എന്നു വിളിക്കുന്ന സംഘപരിവാർ പ്രചാരണത്തിന് മറുപടിയായാണ് മമതയുടെ ഭാഷാറാലി. മഹാകവി രബീന്ദ്രനാഥ ടാഗോറുമായി ബന്ധപ്പെട്ട സ്ഥലം എന്ന നിലയിലാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. ശാന്തി നികേതനും വിശ്വഭാരതിയും സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. ഇവിടത്തെ ടാഗോർ പ്രതിമയിൽ അവർ ആദരമർപ്പിച്ചു.

‘ഞങ്ങൾ ഒരു ഭാഷക്കും എതിരല്ല, ഒരു ഭാഷയുമായും ശത്രുതയില്ല. ഈ രാജ്യത്തി​ന്റെ അടിസ്ഥാനം തന്നെ നാനാത്വത്തിലെ ഏകത്വമാണ്. എന്നാൽ നിങ്ങൾ ഞങ്ങളുടെ ഭാഷയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഞങ്ങൾ എതിക്കും, ശക്തമായും സമാധാനമായും രാഷ്ട്രീയമായും’-മമത പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളികളായ തൊഴിലാളികളെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയും പുറത്താക്കുകയും നാടുകടത്തുകയും ചെയ്യുന്ന നടപടിക്കെതിരെ തൃണമൂൽ ശക്തമായി പ്രതിഷേധം നടത്തു​കയാണ്. ബംഗാളികൾ യഥാർത്ഥ രേഖകൾ കാണിച്ചാലും അവരെ പീഡിപ്പിക്കുകയാണെന്ന് മമത ആരോപിക്കുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത്, ഡെൽഹി സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികളായ ബംഗാളികൾ പീഡിപ്പിക്കപ്പെടുന്നത് അവർ ബംഗാളി ഭാഷ സംസാരിക്കുന്നതുകൊണ്ടു മാത്രമാണെന്ന് മമത പറയുന്നു.

ബോൽപൂരിലെ റാലിയിൽ മമത ടാഗോറിന്റെയും കാസി നസ്റുൽ ഇസ്‍ലാം ഉൾപ്പെടെയുള്ള സാഹിത്യ പ്രതിഭകളുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചു​. ഏഷ്യയിൽ ഏറ്റവും കുടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയും ലോകത്തെ അഞ്ചാമത്തെ ഭാഷയുമാണ് ബംഗാളി എന്നും മമത പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.