നിമിഷ പ്രിയയുടെ വധശിക്ഷ; മാധ്യമ വാർത്തകൾ വിലക്കണമെന്ന ഹരജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നേഴ്സ് നിമിഷപ്രിയയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത പരസ്യ പ്രസ്താവനകളും മാധ്യമ വാർത്തകളും വിലക്കണമെന്ന ഹരജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ.എ. പോളാണ് കോടതിയെ സമീപിച്ചത്.

കേന്ദ്രസർക്കാർ മാത്രമേ വിഷയത്തിൽ പ്രതികരിക്കൂവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കടരമണി ഉറപ്പ് നല്കിയതായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നിമിഷപ്രിയയുടെ വിഷയത്തിൽ കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്തുകൊള്ളുമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പോളിന്‍റെ ആവശ്യവും കോടതി തള്ളി. തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതോടെ കെ.എ. പോൾ ഹരജി പിൻവലിക്കുകയായിരുന്നു.

നിമിഷ തനിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹരജി പിൻവലിച്ച ശേഷം ​മാധ്യമങ്ങളെ കണ്ട കെ.എ. പോൾ വ്യക്തമാക്കി. കാന്തപുരത്തെയും ആക്ഷൻ കൗൺസിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടുവെന്നും കെ.എ. പോൾ പറഞ്ഞു.

പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ 2008ലാണ് യെമനിലേക്ക് പോകുന്നത്. പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കുകയായിരുന്നു. 2017ൽ അവരുടെ പാസ്‌പോർട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാസ്‌പോർട്ട് തിരികെ വാങ്ങാനായി ലഹരിമരുന്ന് കുത്തിവെക്കുകയും, തുടർന്ന് തലാൽ മരിക്കുകയുമായിരുന്നു. തലാലിന്റെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ നിമിഷ പ്രിയക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

വധ​ശിക്ഷ നടപ്പാക്കുന്ന തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ കാന്തപുരം അബൂബക്കർ മുസ്‍ലിയാർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നാലെ,  ശിക്ഷ നടപ്പാക്കുന്നത് യെമൻ കോടതി നീട്ടിവെച്ചിരുന്നു.

Tags:    
News Summary - Nimisha Priya case: SC refuses to hear plea over 'unverified' public statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.