ലഖ്നോ: ഉത്തർപ്രദേശിൽ ഭർതൃവീട്ടുകാർ തീക്കൊളുത്തി കൊന്ന നിക്കി ഭാട്ടി നേരിട്ടത് ക്രൂരമായ മർദനം. ആറുമാസം മുമ്പ് ഭർത്താവും കുടുംബവും ഉപദ്രവിക്കുന്നത് തുടർന്നപ്പോൾ 28 കാരിയായ നിക്കി ദാദ്രിയിലെ സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. പിന്നീട് അനുരഞ്നത്തിനെത്തിയ ഭർത്താവ് വിപിൻ നിക്കിയോട് എല്ലാറ്റിനും മാപ്പു പറഞ്ഞു. വീട്ടിലേക്ക് മടങ്ങിവരണമെന്നും ഇനിയൊരിക്കലും പഴയതുപോലെയുള്ള ഉപദ്രവങ്ങൾ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി. ആ ഉറപ്പിന്റെ ബലത്തിൽ പുതിയൊരു ജീവിതം സ്വപ്നം കണ്ട് നിക്കി സ്വന്തം വീട്ടിൽ നിന്നിറങ്ങി ഭർത്താവിനൊപ്പം പോയി. എന്നാൽ ഒന്നിനും മാറ്റമുണ്ടായില്ല.
വിപിന്റെ സഹോദരൻ രോഹിത്തിനെയാണ് നിക്കിയുടെ സഹോദരി കാഞ്ചൻ വിവാഹം ചെയ്തിരിക്കുന്നത്. നിക്കിയും കാഞ്ചനും ചേർന്ന് ബ്യൂട്ടിപാർലർ നടത്തിയിരുന്നു. വിപിനും കുടുംബത്തിന് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. അതുപോലെ ഇൻസ്റ്റഗ്രാമിൽ നിക്കി റീൽസുകൾ പോസ്റ്റ് ചെയ്യുന്നതും വിപിൻ വിലക്കി. ഇക്കാരങ്ങൾ കൊണ്ടുതന്നെ വീട്ടിൽ വിപിനും നിക്കിയും തമ്മിൽ വഴക്ക് പതിവായിരുന്നു. സ്കോർപിയോ എസ്.യു.വി, റോയൽ എൻഫീൽഡ് ബൈക്ക്, സ്വർണം, പണം എന്നിവയടക്കം സ്ത്രീധനമായി നൽകിയാണ് നിക്കിയെ വിവാഹം ചെയ്തയച്ചത്. എന്നിട്ടും വിപിനും വീട്ടുകാരും കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് ഉപദ്രവം തുടർന്നു. വ്യാഴാഴ്ചയാണ് വഴക്കിനൊടുവിൽ വിപിനും അമ്മ ദയയും ജീവനോടെ കത്തിച്ചത്. ഏഴുവയസുള്ള മകന്റെയും സഹോദരിയുടെയും മുന്നിൽ വെച്ചായിരുന്നു അത്.
മകനെയോർത്ത് നിക്കി ഒരുപാട് സഹിച്ചുവെന്നും വിട്ടുവീഴ്ചക്ക് തയാറായി എന്നും സഹോദരി കാഞ്ചന പറഞ്ഞിരുന്നു. ഇന്നോ നാളെയോ എല്ലാം നന്നാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇങ്ങനെയായി തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കാഞ്ചന പറയുന്നു. നിക്കിയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന കാഞ്ചനയാണ് പൊലീസിൽ പരാതി നൽകിയത്. വിപിൻ, അമ്മ ദയ, പിതാവ് സത്യവീർ, സഹോദരൻ രോഹിത് എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. നാലുപേരെയും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള വിപിന്റെ ശ്രമവും പൊലീസ് പരാജയപ്പെടുത്തി. പൊലീസുകാരുടെ തോക്ക് തട്ടിയെടുത്താണ് വിപിൻ രക്ഷപ്പെടാൻ ശ്രമിച്ചത്.ആഗസ്റ്റ് 21നാണ് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള തർക്കത്തിനിടെ വിപിനും കുടുംബവും നിക്കിയെ തീക്കൊളുത്തി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.