ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ലിവിയ ജോസിന്​ ​ ജാമ്യം

കൊച്ചി: ബ്യൂട്ടി പാർലർ ഉടമ ചാലക്കുടി സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരിയും രണ്ടാം പ്രതിയുമായ കാലടി വാറായിൽ ലിവിയ ജോസിന്​ ഹൈകോടതി ജാമ്യം. കേസിൽ രണ്ട്​ മാസമായി തടവിൽ കഴിയുന്നു എന്നതും പ്രായം 21 മാത്രമാണെന്നതും കണക്കിലെടുത്താണ്​ ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

2023 ഫെബ്രുവരി 27ന് വൈകുന്നേരം ഷീലയുടെ സ്കൂട്ടറിൽ നിന്ന് എക്സൈസ് സംഘം 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു. തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസം ജയിലിൽ കഴിഞ്ഞു. പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് പിന്നീട്​ തെളിഞ്ഞതോടെ കേസ് ഹൈകോടതി റദ്ദാക്കി. ലഹരിമരുന്നു പിടികൂടുന്നതിന്‍റെ തലേദിവസം മരുമകളും സഹോദരിയും തന്റെ സ്കൂട്ടർ ഉപയോഗിച്ചിരുന്നുവെന്ന്​ ഷീല പറഞ്ഞിരുന്നു.

ബംഗളൂരുവിൽ വിദ്യാർഥിനിയായിരുന്ന ലിവിയ മുൻ വൈരാഗ്യം തീർക്കാൻ സുഹൃത്തായ നാരായണദാസിന്റെ സഹായത്തോടെ ഷീലക്കെതിരെ വ്യാജ പരാതി ചമച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ്​ ലിവിയ അറസ്റ്റിലായത്​.

പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് വ്യക്തമായതിനാൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ഒന്നാം പ്രതി നാരായണദാസിന് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടി. ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. 

പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നു ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴി. എന്നാൽ, ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴി ഷീലാ സണ്ണി തള്ളിയിരുന്നു. തന്നെ വ്യാജ ലഹരിക്കേസിൽ കുടുക്കിയതിൽ മരുമകള്‍ക്കും പങ്കുണ്ടെന്നും സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നുമാണ് ഷീല സണ്ണി പറയുന്നത്. ലിവിയയെ പറ്റി ആരോടും മോശമായി പറഞ്ഞിട്ടില്ല. ലിവിയയുമായി പ്രശ്നങ്ങളൊന്നും തന്നെ തനിക്ക് ഉണ്ടായിരുന്നില്ല. മരുമകളോട് ലിവിയക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് ചോദിച്ചിരുന്നു. തന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഇത്തരമൊരു കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നാണ് കരുതുന്നത് -എന്നെല്ലാമാണ് ഷീല പറയുന്നത്.

Tags:    
News Summary - fake drug case; Accused woman granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.