മരിച്ച വിജിൽ, അറസ്റ്റിലായ നിഖിൽ, ദീപേഷ്
എലത്തൂർ (കോഴിക്കോട്): ആറുവർഷം മുമ്പ് കാണാതായ യുവാവിനെ കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തിയതായി സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപടിക്കൽ വിജയന്റെ മകൻ വിജിൽ (35) അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് മരിച്ചെന്നറിഞ്ഞതോടെ കോഴിക്കോട് സരോവരത്തെ ചതുപ്പിൽ താഴ്ത്തിയെന്നാണ് പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ (39), വേങ്ങേരി സ്വദേശി ദീപേഷ് (37) എന്നിവരെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തിനായി (31) അന്വേഷണം ഊർജിതമാക്കി.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഒരു വർഷമോ അതിനു മുമ്പോ കാണാതായവരെക്കുറിച്ച് രജിസ്റ്റർ ചെയ്ത കേസുകളിലെ വിവരം നൽകാൻ സിറ്റി കമീഷണർ ടി. നാരായണൻ നിർദേശിച്ചതാണ് എലത്തൂർ പൊലീസ് നിലവിൽ ഈ തിരോധാനം പുനരന്വേഷിക്കാൻ ഇടയാക്കിയത്. കാണാതായ ദിവസം വിജിലിനൊപ്പമുണ്ടായിരുന്ന നിഖിൽ, ദീപേഷ്, രഞ്ജിത്ത് എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സംശയമുയർന്നത്. മൊഴിയിലെ വൈരുധ്യത്തെ തുടർന്ന് പൊലീസ് വീണ്ടും ഇവരെ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.
വയറിങ് ജോലികൾക്ക് പോയിരുന്ന വിജിലും പെയിന്റിങ് തൊഴിലാളിയായ ദീപേഷും കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിഖിലും ഫ്ലക്സ് പ്രിന്റിങ് തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു. നാലുപേരും ലഹരിക്കടിമയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവദിവസം രാവിലെ വീട്ടിൽനിന്നിറങ്ങിയ വിജിൽ സുഹൃത്തുക്കൾക്കൊപ്പം സരോവരം പാർക്കിലെത്തി. പാർക്കിലിരുന്ന് ബ്രൗൺ ഷുഗർ കുത്തിവെച്ചു. അമിത അളവിൽ കുത്തിവെച്ചതിനെ തുടർന്ന് വിജിൽ ബോധരഹിതനായി. മറ്റുള്ളവർ പാർക്കിൽനിന്ന് തിരിച്ചുപോവുകയും ചെയ്തു.
തൊട്ടടുത്ത ദിവസം വീണ്ടും ഇവിടെ എത്തിയപ്പോഴാണ് വിജിൽ മരിച്ചതായി അറിയുന്നത്. ഇതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി.
പിന്നീട് ആറുമാസത്തിനു ശേഷം മൃതദേഹം കെട്ടിത്താഴ്ത്തിയ ഭാഗത്തുനിന്ന് അസ്ഥി പെറുക്കി ബലിതർപ്പണം നടത്തിയതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായിട്ടില്ല. കൊയിലാണ്ടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അടുത്ത ദിവസം പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. വിജിലിനെ സരോവരത്ത് കുഴിച്ചിട്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് നടക്കാവ് പൊലീസിന് കൈമാറിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.