മുന്നാക്ക സംവരണം: വി.ടി. ബൽറാമിനെതിരെ രൂക്ഷ പ്രതികരണവുമായി സീറോ മലബാർ സഭ

കൊച്ചി: മുസ്‍ലിംകളേക്കാളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളേക്കാളും പിന്നാക്ക ക്രിസ്ത്യാനികളേക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് സവർണ ഹിന്ദുക്കൾക്കും മുന്നാക്ക ക്രിസ്ത്യാനികൾക്കുമാണെന്ന കെ.പി.സി.സി വൈസ് പ്രസിഡൻറ്‌ വി.ടി. ബൽറാമിന്റെ പ്രസ്താവനക്കെതിരെ സിറോമലബാർ സഭ.

മുന്നാക്ക സമുദായങ്ങൾക്കുള്ള ഇ.ഡബ്ല്യു.എസ് സംവരണത്തിലെ അപാകതകളും അനീതിയും ചൂണ്ടിക്കാണിച്ച് ബൽറാം എഴുതിയ ഫേസ്ബുക് കുറിപ്പിനെതിരെയാണ് സഭ രംഗത്തെത്തിയത്. ബൽറാമിന്റെ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ആരോപിച്ചു.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇഡബ്ല്യുഎസ് സംവരണത്തിലൂടെ മുന്നാക്ക ക്രിസ്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എം.ബി.ബി.എസ് സീറ്റുകൾ അനർഹമായി നേടിയെന്നാണ് ബൽറാം ആരോപിക്കുന്നതെന്ന് കമീഷൻ പ്രസ്താവനയിൽ പറഞ്ഞു.

‘മുസ്‌ലിം മതവിഭാഗത്തിന് ഉയർന്ന അനുപാതം സീറ്റുകൾ ലഭിക്കേണ്ടതാണെന്നും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിയതുകൊണ്ട് അവർക്ക് നഷ്ടമുണ്ടായി എന്നും പറയുന്നു. എന്നാൽ, കേരളത്തിലെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംവരണ സാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമാണുള്ളത്. ക്രൈസ്തവരിലെ നല്ലൊരുവിഭാഗവും ജാതിസംവരണത്തിനു പുറത്തായിരിക്കുമ്പോൾ മുസ്‌ലിം മതവിഭാഗത്തിലെ എല്ലാവർക്കുംതന്നെ ഒബിസി/എസ്ഇബിസി സംവരണം ലഭിക്കുന്നുണ്ട്.  10 ശതമാനം ഇഡബ്ല്യുഎസ് സംവരണം ഭരണഘടനാപരമായി ലഭിച്ച നീതിയാണ്. ഇതിലൂടെയാണ് കേരള ക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് എന്തെങ്കിലുമൊരു സംവരണാനുകൂല്യം ലഭിച്ചുതുടങ്ങിയത്. അതിനെപ്പോലും വിമർശനബുദ്ധിയോടെ അവതരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ ഭരണഘടനാവിരുദ്ധമാണ്. സംവരണത്തിന്റെ പേരിൽ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിത്’ -സഭ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്, ഡെന്റൽ പ്രവേശന അലോട്ട്മെന്റ്‌ ആദ്യഘട്ടം പൂർത്തീകരിച്ചപ്പോൾ ഉള്ള കണക്കുകൾ അടിസ്ഥാനമാക്കിയായിരുന്നു ബൽറാമിന്റെ പ്രതികരണം. മെഡിക്കൽ, ഡെന്റൽ പ്രവേശന അലോട്ട്മെന്റ്‌ ആദ്യഘട്ടം പൂർത്തീകരിച്ചപ്പോൾ മുസ്‍ലിം സമുദായത്തിൽപ്പെട്ടവരിൽ 916 റാങ്കുകാർ വരെയുള്ളവരാണ് പ്രവേശനം നേടിയത്. എന്നാൽ, ഈഴവ സമുദായത്തിൽപ്പെട്ടവരിൽ 1627 റാങ്ക് വരെ പ്രവേശനം നേടാനായി. മറ്റ് പിന്നാക്ക ഹിന്ദുക്കളുടേയും അവസ്ഥ ഇതിനടുത്ത് തന്നെയാണ്, 1902 റാങ്ക് വരെ. വിശ്വകർമജരിൽ 2566 റാങ്ക് വരെ പ്രവേശനം നേടി. പിന്നാക്ക ക്രിസ്ത്യാനികൾക്കിടയിൽ നിന്ന് 2674 റാങ്ക് വരെയാണ് പ്രവേശനപ്പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ, സവർണ സമുദായക്കാർക്കുള്ള ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) സംവരണത്തിലൂടെ സവർണ ഹിന്ദു/മുന്നാക്ക ക്രിസ്ത്യാനികളിലെ 2842 റാങ്കുകാർക്ക് വരെ ആദ്യ അലോട്ട്മെന്റിൽത്തന്നെ സീറ്റ് നേടാനായി. ജനസംഖ്യയിൽ 27 ശതമാനത്തോളമുള്ള മുസ്‍ലിംകൾക്ക് പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ. എന്നാൽ, ജനസംഖ്യയിൽ പരമാവധി 22-23 ശതമാനം മാത്രം വരുന്ന സവർണ വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണമാണ് നിലവിലുള്ളത് -ബൽറാം ചൂണ്ടിക്കാട്ടി.

സവർണർക്ക് സംവരണത്തിലൂ​ടെ സീറ്റുകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ‘സംവരണം കാരണം മെറിറ്റും കഴിവും ഇല്ലാതാവും’ എന്ന പഴയ മുദ്രാവാക്യം ഉയർത്താൻ ഇന്നിപ്പോൾ ആളില്ലാതായതെന്നും ബൽറാം പറയുന്നു. ജനസംഖ്യാനുപാതികമായി ഉദ്യോഗരംഗത്തും വിദ്യാഭ്യാസ രംഗത്തും പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകാത്തതിനാലാണ് അനീതികളും അസംതൃപ്തികളും നിലനിൽക്കുന്നതെന്നും ഇതിന് പരിഹാരമായി രാജ്യത്ത് അടിയന്തരമായി ഒരു ജാതി സെൻസസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ ജാതി, മത, സാമൂഹ്യ വിഭാഗങ്ങളുടേയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സമഗ്രമായ സെൻസസ് നടത്തി കൃത്യമായി രേഖപ്പെടുത്തിയാൽ ഈ അനീതികൾ തിരിച്ചറിയാനും തിരുത്താനും അവസരമൊരുങ്ങും. ഒരു വോട്ടർപട്ടിക പോലും കൃത്യമായി തയ്യാറാക്കാൻ കഴിയാത്ത ഇന്നത്തെ ഇന്ത്യയിലെ ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇതിനൊക്കെ കഴിയുമോ എന്നത് മാത്രമാണ് കണ്ടറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:

മെഡിക്കൽ, ഡന്റൽ പ്രവേശന അലോട്ട്മെന്റ്‌ ആദ്യഘട്ടം പൂർത്തീകരിച്ചപ്പോൾ ഉള്ള കണക്കുകളാണിത്.

സ്റ്റേറ്റ് മെറ്റിറ്റിലെ 697ആം റാങ്കുകാരന്/കാരിക്ക് വരെയാണ് സംസ്ഥാനത്ത് ഗവ.മെഡിക്കൽ കോളേജിൽ MBBSന് പ്രവേശനം ലഭിച്ചത്.

മുസ്ലീം സമുദായത്തിൽപ്പെട്ടവരിൽ 916 റാങ്കുകാർ വരെ പ്രവേശനം നേടി. എന്നാൽ ഈഴവ സമുദായത്തിൽപ്പെട്ടവരിൽ 1627 റാങ്ക് വരെ പ്രവേശനം നേടാനായി. മറ്റ് പിന്നാക്ക ഹിന്ദുക്കളുടേയും അവസ്ഥ ഇതിനടുത്ത് തന്നെയാണ്, 1902 റാങ്ക് വരെ. വിശ്വകർമ്മജരിൽ 2566 റാങ്ക് വരെ പ്രവേശനം നേടി. പിന്നാക്ക കൃസ്ത്യാനികൾക്കിടയിൽ നിന്ന് 2674 റാങ്ക് വരെയാണ് പ്രവേശനപ്പട്ടികയിൽ ഇടംപിടിച്ചത്.

എന്നാൽ EWS വിഭാഗത്തിൽപ്പെട്ട സവർണ്ണ ഹിന്ദു/മുന്നാക്ക കൃസ്ത്യാനികളിൽ 2842 റാങ്കുകാർക്ക് വരെ ആദ്യ അലോട്ട്മെന്റിൽത്തന്നെ സീറ്റ് നേടാനായി എന്ന് കാണാനാവും.

രണ്ടു മൂന്ന് കാര്യങ്ങളാണ് ഈ കണക്കുകളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിലാക്കാനാവുന്നത്. ഒന്ന്, മുസ്ലീങ്ങളേക്കാളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളേക്കാളും പിന്നാക്ക കൃസ്ത്യാനികളേക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് EWS വിഭാഗത്തിൽപ്പെട്ടവർക്കാണ്. സംവരണം കാരണം "മെറിറ്റും" കഴിവും ഇല്ലാതാവും എന്ന പഴയ മുദ്രാവാക്യം ഉയർത്താൻ ഇന്നിപ്പോൾ ആളില്ലാതായതും EWS വന്നതിൽപ്പിന്നെയാണ്.

സ്റ്റേറ്റ് മെറിറ്റിനോട് എത്രത്തോളം അടുത്താണ് ഓരോ സാമൂഹ്യ വിഭാഗത്തിന്റേയും സംവരണ മെറിറ്റ് എന്നത് അതത് വിഭാഗക്കാർ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയേക്കൂടിയാണ് കാണിക്കുന്നത്. ആ നിലയിൽ സമീപകാലത്ത് മുസ്ലീം സമുദായം നേടിയ വിദ്യാഭ്യാസപരമായ വലിയ മുന്നേറ്റത്തെക്കൂടി ഈ കണക്കുകൾ ശരിവക്കുന്നുണ്ട്. മുസ്ലീങ്ങളെക്കുറിച്ചും മലപ്പുറമടങ്ങുന്ന മലബാറിനേക്കുറിച്ചുമൊക്കെ സംഘ പരിവാർ നറേറ്റീവിലധിഷ്ഠിതമായ ഇടുങ്ങിയ ചിന്താഗതികൾ വച്ചുപുലർത്തുന്നവർക്ക് സ്വയം ആത്മപരിശോധന നടത്താനുള്ള അവസരമായും ഇത് മാറേണ്ടതുണ്ട്. ആവശ്യത്തിന് ഹയർ സെക്കണ്ടറി പഠനസൗകര്യമില്ല എന്നതടക്കമുള്ള നിരവധി പ്രതികൂല ഘടകങ്ങളെയും മലബാറുകാർ പ്രത്യേകമായി നേരിടേണ്ടി വരുന്നുണ്ട്.

ജനസംഖ്യയിൽ 27 ശതമാനത്തോളമുള്ള മുസ്ലീങ്ങൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ എന്നതും കാണേണ്ടതുണ്ട്. എന്നാൽ ജനസംഖ്യയിൽ പരമാവധി 22-23 ശതമാനം മാത്രം വരുന്ന EWS വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണമാണ് നിലവിലുള്ളത്.

ഒബിസി വിഭാഗങ്ങൾക്ക് മൊത്തത്തിൽ ഉദ്യോഗ മേഖലയിൽ 40% സംവരണം ലഭ്യമാണ്. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ വിവിധ കോഴ്സുകൾക്ക് ഇത് 20 മുതൽ 30 ശതമാനം വരെ മാത്രമാണ്. ഉദ്യോഗ മേഖലയിലേത് പോലെ വിദ്യാഭ്യാസ മേഖലയിലും 40% സംവരണം ഒബിസി വിഭാഗങ്ങൾക്ക് അനുവദിച്ചാൽ നിലവിലുള്ള അസമത്വം അല്പമെങ്കിലും കുറയ്ക്കാൻ സഹായകരമാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എന്ന പേരിൽ അനുവദിക്കുന്ന EWS സംവരണത്തിൽ ജാതിമത പരിഗണന കൂടാതെ എല്ലാ പാവപ്പെട്ടവർക്കും അവസരം നൽകിയാൽ അതും യഥാർത്ഥ പാവങ്ങൾക്ക് കൂടി പ്രയോജനം ചെയ്യും. സംവരണ തോത് നിശ്ചയിച്ചതിലെ വിവേചനത്തിന് ചെറിയൊരു പരിഹാരവും ആകും.

വിവിധ പിന്നാക്ക സമൂഹ്യ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ ശതമാനക്കണക്കിൽ ഉദ്യോഗരംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ സംവരണം നൽകാത്തത് കൊണ്ടുകൂടിയാണ് അനീതികളും അസംതൃപ്തികളും നിലനിൽക്കുന്നത്. ഇതിനുള്ള പരിഹാരമായിട്ടാണ് രാജ്യത്ത് അടിയന്തരമായി ഒരു ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും നിരന്തരം ആവശ്യപ്പെടുന്നത്. ഓരോ ജാതി,മത,സാമൂഹ്യ വിഭാഗങ്ങളുടേയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സമഗ്രമായ ഒരു സെൻസസ് നടത്തി കൃത്യമായി രേഖപ്പെടുത്തിയാൽ ഈ അനീതികൾ തിരിച്ചറിയാനും തിരുത്താനും നമുക്ക് അവസരമൊരുങ്ങും. ഒരു വോട്ടർപട്ടിക പോലും കൃത്യമായി തയ്യാറാക്കാൻ കഴിയാത്ത ഇന്നത്തെ ഇന്ത്യയിലെ ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇതിനൊക്കെ കഴിയുമോ എന്നത് മാത്രമാണ് കണ്ടറിയേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.