തൃശൂർ: മാനവരാശി നേരിടുന്ന അനീതി, അസമത്വം, യുദ്ധക്കൊതി എന്നീ തിന്മകൾക്കെതിരെ പ്രതിരോധം തീർക്കുന്നതിന് മതവും മാർക്സിസവും തമ്മിൽ മുൻവിധി കൂടാത്ത ചർച്ചകൾ നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വികസനമെന്നാൽ മൂലധനം കുന്നുകൂട്ടലും അംബരചുംബികൾ കെട്ടിപ്പൊക്കലും മാത്രമല്ലെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികൾ ആണെന്നും അദ്ദേഹം പറഞ്ഞു. അച്യുതമേനോൻ പഠനഗവേഷണ കേന്ദ്രത്തിന്റെയും കോസ്റ്റ്ഫോർഡിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച അച്യുതമേനോൻ സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഏറ്റവും ദീർഘദർശിയായ ഭരണാധികാരിയും രാഷ്ട്രീയനേതാവുമായിരുന്നു അച്യുതമേനോനെന്ന് അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണം, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ സ്ഥാപനം എന്നിങ്ങനെ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ നിസ്തുല പങ്കാണ് അച്യുതമേനോൻ വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സ്മൃതിപ്രഭാഷണം നടത്തി. വിവരാവകാശ പ്രവർത്തകനും കിസാൻ മസ്ദൂർ ശക്തിസംഘതൻ സ്ഥാപകരിൽ ഒരാളുമായ നിഖിൽ ഡേ സ്മാരക പ്രഭാഷണം നടത്തി. ഡോ. സി.സി. ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.