തൃശൂർ: തൃശൂർ ജില്ലയിൽ ലുലുമാൾ വൈകുന്നതിനു പിന്നിൽ ഒരു രാഷ്ട്രീയപ്രവർത്തകനാണെന്ന എം.എ. യൂസുഫലിയുടെ പരാമർശത്തിൽ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വികസനവിരുദ്ധർ എന്ന തൊപ്പി തങ്ങൾക്ക് ചേരില്ലെന്നും അത് സി.പി.ഐയുടെ തലയിൽ വെക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരൻതന്നെ ഹരജി വ്യക്തിപരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഥപൂര്‍ണമായി വികസനത്തെ പിന്തുണക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. വികസനത്തിന്റെ വഴിമുടക്കുന്ന പാര്‍ട്ടിയല്ല. ഏതോ ഒരു പാര്‍ട്ടിയെപ്പറ്റി പറഞ്ഞു. ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല. ആ പാര്‍ട്ടി സി.പി.ഐയല്ല -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചിയ്യാരത്ത് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, തൃശൂരിൽ ലുലു മാളിന്റെ നിർമാണം വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന് പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയിലെ വ്യക്തി നൽകിയ അനാവശ്യമായ കേസ് കാരണമാണ് രണ്ടര വർഷം മുമ്പ് ആരംഭിക്കേണ്ടിയിരുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവാത്തതെന്നും അദ്ദേഹം പറഞ്ഞു.
മൂവായിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമായിരുന്ന ബൃഹത്തായ പദ്ധതിയാണ് പ്രതിസന്ധിയിലായത്. മാളിനായി സ്ഥലം ഏറ്റെടുത്ത് നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയപ്പോഴാണ് കേസ് വന്നത്. രണ്ടര വർഷമായി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാജ്യത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടി വരും. നിയമപരമായ തടസ്സങ്ങൾ നീങ്ങുന്ന മുറയ്ക്ക് തൃശൂരിലെ മാൾ യാഥാർഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.