തൊടുപുഴ: സ്കൂൾകെട്ടിടത്തിന് റവന്യൂ വകുപ്പിൽനിന്ന് നിരാക്ഷേപപത്രം (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭിക്കാത്തതിനാൽ സ്കൂളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചെന്ന പരാതിയിൽ താൽകാലിക കണക്ഷനെങ്കിലും നൽകി കുടിവെള്ള-വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.കലക്ടർക്കാണ് കമീഷൻ നിർദേശം നൽകിയത്. മൂന്നാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾകെട്ടിടത്തിന് എൻ.ഒ.സി ലഭിക്കാത്തതിനാൽ വൈദ്യുതിയും കുടിവെള്ളവും നിലച്ചെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
എൻ.ഒ.സി വാങ്ങാത്ത സാഹചര്യത്തിൽ കെട്ടിടനിർമാണം ക്രമവത്കരിക്കാൻ ജില്ല വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി സംയുക്തചർച്ച നടത്തി കലക്ടർ നടപടിയെടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ നിർദേശിക്കണം. സ്വീകരിച്ച നടപടികളിൽ കലക്ടർ വിശദ റിപ്പോർട്ട് കമീഷനിൽ സമർപ്പിക്കണം. മൂന്നാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഹയർ സെക്കൻഡറി വിഭാഗം റീജനൽ ഡെപ്യൂട്ടി ഡയറക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
കലക്ടറെ പ്രതിനിധീകരിച്ച് ആർ.ഡി.ഒയും പ്രിൻസിപ്പലിന്റെ പ്രതിനിധിയും ഒക്ടോബർ 22ന് രാവിലെ 10ന് തൊടുപുഴ റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകണമെന്നും കമീഷൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.