രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ഗുരുതര ലൈംഗികാരോപണത്തിനും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ചത് അകത്തുമല്ല, പുറത്തുമല്ല എന്ന രീതിയിലുള്ള അച്ചടക്ക നടപടി. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്മാറിയ കോൺഗ്രസ് നേതൃത്വം, രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും പാർലമെൻററി പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. പാർലമെൻററി പാർട്ടിയിൽനിന്ന് ഒഴിവാക്കുന്നതോടെ നിയമസഭയിൽ കോൺഗ്രസ് ബ്ലോക്കിലെ രാഹുലിന്റെ ഇരിപ്പിടം നഷ്ടപ്പെടും.
രാജിക്കായി രാഷ്ട്രീയ സമ്മർദം ശക്തമായിട്ടും രാഹുൽ വഴങ്ങാതിരുന്നതും ഒപ്പം പാലക്കാട്ടെ സങ്കീർണ രാഷ്ട്രീയ സാഹചര്യങ്ങളും കടുംപിടുത്തത്തിൽനിന്ന് ചുവടുമാറാൻ പ്രേരകമായി. രാഹുൽ രാജിവെക്കുന്ന ഒഴിവിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ടായി. ഉപതെരഞ്ഞെടുപ്പിന് സാധ്യത തള്ളാനാകില്ലെന്നായിരുന്നു നിയമോപദേശം.
മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് വാർത്തസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്. രാജിയാവശ്യം എതിരാളികളെക്കാൾ കോൺഗ്രസിനുള്ളിലായിരുന്നു ശക്തമായിരുന്നതെങ്കിലും സമാന ആരോപണങ്ങളിലെ ഇതുവരെയുള്ള കീഴ്വഴക്കം പിടിവള്ളിയാക്കിയാണ് നേതൃത്വം കടുത്ത നീക്കത്തിൽനിന്ന് പിന്മാറിയത്.
രാജിക്കാര്യത്തിൽ രണ്ട് നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ, ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാലുണ്ടാകുന്ന സങ്കീർണ സാഹചര്യം രാജി വേണമെന്ന് ശാഠ്യംപിടിച്ചവരെയും രാജി ആവശ്യമില്ലെന്ന് നിലപാടെടുത്തവരെയും സസ്പെൻഷൻ കാര്യത്തിൽ സമവായത്തിലെത്തിച്ചു. അന്വേഷണ വിധേയമായാണോ സസ്പെൻഷൻ എന്നതടക്കം തുടർചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയാറാകാതെയാണ് ആറര മിനിറ്റ് നീണ്ട വാർത്തസമ്മേളനം സണ്ണി ജോസഫ് അവസാനിപ്പിച്ചത്. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെ.പി.സി.സി വിശദീകരണം തേടുമെന്നാണ് വിവരം. പാർട്ടിക്ക് മുന്നിൽ പരാതിയില്ലാത്തതിനാൽ സംഘടനാപരമായ അന്വേഷണം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.