ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി സിംഗ്, മിഗ് -21 വിമാനം പറത്താൻ എത്തിയപ്പോൾ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പോർമുഖത്തിന് ആറുപതിറ്റാണ്ടിലധികം കരുത്തുപകർന്ന മിഗ് -21 യുദ്ധവിമാനങ്ങൾ വിട പറയാനൊരുങ്ങുന്നു. ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി സിംഗ് മിഗ് -21 വിമാനം പറത്തി. സെപ്റ്റംബർ 26ന് വിമാനങ്ങൾ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കും.
ചരിത്രത്തിൽ ഏറ്റവുമധികം നിർമിക്കപ്പെട്ട സൂപ്പർസോണിക് യുദ്ധവിമാനങ്ങളിലൊന്നാണ് മിഗ്-21, 1963ലാണ് ഇന്ത്യൻ വ്യോസേനയുടെ ഭാഗമാവുന്നത്. 60 ലധികം രാജ്യങ്ങളിൽ 11,000 ലധികം വിമാനങ്ങൾ ഉപയോഗിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ.
1965, 1971 ഇന്ത്യ-പാക്ക് യുദ്ധങ്ങളിലും 1999ലെ കാർഗിൽ യുദ്ധത്തിലും 2019 ബാലക്കോട്ട് ആക്രമണത്തിലും മിഗ് -21 വിമാനങ്ങൾ വായുസേനക്ക് കരുത്തായിരുന്നു. എങ്കിലും രൂപകൽപ്പനയിലെ പിഴവുകളും സാങ്കേതിക തകരാറുകളും വിമാനത്തിന് എക്കാലവും വെല്ലുവിളിയായി. 62 വർഷത്തിനിടെ 400 അപകടങ്ങളിലായി 200 പൈലറ്റുമാരുടെയും 60 സാധാരണക്കാരുടെയും ജീവൻ നഷ്ടമായതായാണ് ഔദ്യോഗിക കണക്കുകൾ.
സെക്കന്റിൽ 250 മീറ്റർ വരെ വേഗതയാർജ്ജിക്കാൻ ശേഷിയുള്ളതാണ് മിഗ് -21 വിമാനങ്ങൾ. സാങ്കേതിക വിദ്യ കാലഹരണപ്പെടുന്നതും പരിപാലനം ദുഷ്‍കരമായതുമാണ് വിമാനങ്ങളുടെ പ്രവർത്തനം നിറുത്തുന്നതിന് പിന്നിലെന്ന് വ്യോമസേന അധികൃതർ പറഞ്ഞു. മിഗ് -21 വിമാനങ്ങൾക്ക് പകരമായാണ് തേജസ് രൂപകൽപ്പന ചെയ്തത്. വിന്യസിക്കുന്ന ആയുധങ്ങളിൽ അനുബന്ധ മാറ്റങ്ങൾ വരുത്തുന്നതോടെ തേജസ് പൂർണതോതിൽ ഉപയോഗ സജ്ജമാകുമെന്നും എയർ ചീഫ് മാർഷൽ പറഞ്ഞു.
രണ്ട് സ്ക്വാഡ്രണുകളിലായി 36 മിഗ്-21 വിമാനങ്ങളാണ് നിലവിൽ വായുസേനക്കുള്ളത്. സെപ്റ്റംബർ 26ന് ചണ്ഡീഗഡിൽ നടക്കുന്ന ചടങ്ങിൽ വിമാനങ്ങളുടെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.