ഫയൽ ചിത്രം
ന്യൂഡൽഹി: സമൂഹ മാധ്യമത്തിൽ സ്വന്തം സർട്ടിഫിക്കറ്റ് പങ്കുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) രാജ്യസഭ എം.പി സാഗരിക ഘോഷ്. മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ നിർദേശം നൽകിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സി.ഐ.സി) 2016 ലെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു സ്വന്തം ബിരുദ സർട്ടിഫിക്കറ്റുകൾ പങ്കുവെച്ചുകൊണ്ട് സാഗരികയുടെ വെല്ലുവിളി.
‘പ്രിയപ്പെട്ട നരേന്ദ്രമോദി ജി, ഇതാ ഒരു വെല്ലുവിളി: ഇതാ എന്റെ ബി.എ ബിരുദം. എല്ലാവർക്കും കാണുന്നതിനായി നിങ്ങളുടെ കോളേജ് ബിരുദം പോസ്റ്റുചെയ്യൂ. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ, നിങ്ങൾക്ക് എന്താണ് മറയ്ക്കാനുള്ളത്? എന്തുകൊണ്ടാണ് നിങ്ങളുടെ വിദ്യാഭ്യാസം രഹസ്യമാകുന്നത്, മോദിജി?’ എന്ന കുറിപ്പിനൊപ്പമാണ് ഡൽഹി സർവകലാശാലയിൽ നിന്ന് നേടിയ ഒന്നാം ക്ളാസ് ബി.എ ബിരുദത്തിന്റെ സർട്ടിഫിക്കറ്റ് സാഗരിക പങ്കുവെച്ചത്.
എക്സിലെ സാഗരികയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. അനാവശ്യ രാഷ്ട്രീയ പ്രകോപനമാണെന്ന് തള്ളി ഒരുവിഭാഗമാളുകൾ നിലപാടെടുത്തു. അതേസമയം, പ്രധാനമന്ത്രിയുടെ ബി.എ ബിരുദം സംബന്ധിച്ച് ബി.ജെ.പി പുറത്തുവിട്ട വിവരങ്ങൾ ചൂണ്ടി സർട്ടിഫിക്കറ്റ് സംബന്ധിച്ച് വിവാദം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറാവണമെന്ന് ചിലർ കുറിച്ചു.
2016-ൽ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ബി.ജെ.പി പുറത്തുവിട്ടിരുന്നു. സർട്ടിഫിക്കറ്റിൽ 1978ൽ പരീക്ഷ എഴുതി എന്നും 1979ൽ ബിരുദം സമ്മാനിച്ചുവെന്നുമാണ് വിവരങ്ങളുണ്ടായിരുന്നത്. ഇതിന് പിന്നാലെ, സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. തുടർന്ന്, ബി.ജെ.പി പ്രചരിപ്പിച്ച ബി.എ ബിരുദം ആധികാരികമാണെന്നും പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ടെന്നും 2021 ൽ ഡൽഹി സർവകലാശാല വ്യക്തമാക്കിയിരുന്നു. പാസായ വർഷവും സർട്ടിഫിക്കറ്റ് നൽകിയ വർഷവും വ്യത്യസ്തമായത് സാങ്കേതികപ്പിഴവാണെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.