അമിത് ഷായോട് വിരമിച്ച ജഡ്ജിമാർ: ‘പ്രസ്താവനകൾക്ക് അന്തസ്സ് വേണം, സാൽവ ജുദൂം വിധി തെറ്റായി വ്യാഖ്യാനിക്കുന്നു’

ന്യൂഡൽഹി: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി സുപ്രീംകോടതി ജഡ്ജിയായിരിക്കുമ്പോൾ പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ വിമർശനവുമായി വിരമിച്ച ജഡ്ജിമാർ. വിമർശനങ്ങൾ ദൗർഭാഗ്യകരമാണെന്നും വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സുപ്രീംകോടതി മുൻ ജഡ്ജിമാർ ഉൾപ്പെടെ 18 റിട്ട. ജഡ്ജിമാർ പുറപ്പെടുവിച്ച സംയുക്ത പ്രസ്തവാനയിൽ വ്യക്തമാക്കി.

നക്സൽ വിരുദ്ധ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടയാളാണ് ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെന്നും 2011ലെ സൽവ ജുദൂം വിധിയിലൂടെ നക്സലിസത്തെ പിന്തുണച്ചുവെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. സാൽവ ജുദൂം വിധി പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ 2020 ഓടെ ഇടതുപക്ഷ തീവ്രവാദം അവസാനിക്കുമായിരുന്നുവെന്നും അമിത് ഷാ പറയുകയുണ്ടായി.

എന്നാൽ, സൽവാ ജുദും വിധി ഒരുതരത്തിലും നക്സലിസത്തെ പിന്തുണക്കുന്നില്ലെന്നും അമിത് ഷായുടെ പരാമർശം ജുഡീഷ്യൽ യുക്തിയെ വളച്ചൊടിക്കുന്നതാണെന്നും വിരമിച്ച ജഡ്ജിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തരമന്ത്രി സുപ്രീകോടതി വിധിയെ തെറ്റായി ചിത്രീകരിക്കുന്നത് ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങൾ പ്രചാരണത്തിന്റെ ഭാഗമാകാമെങ്കിലും അവ അന്തസ്സോടെ നടത്തണമെന്നും പ്രസ്താവനയിൽ പറയുന്നു.

സുപ്രീംകോടതി മുൻ ജഡ്ജിമാരായ കുര്യൻ ജോസഫ്, മദൻ ബി ലോകുർ, ജെ. ചെലമേശ്വർ, എ.കെ. പട്നായിക്, അഭയ് ഓഖ, വിക്രംജിത് സെൻ, ഗോപാല ഗൗഡ, ഹൈകോടതി മുൻ ജഡ്ജിമാരുമായ എസ്. മുരളീധർ, ഗോവിന്ദ് മാഥുർ, സഞ്ജീവ് ബാനർജി, അഞ്ജന പ്രകാശ് എന്നിവരുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്.

Tags:    
News Summary - Ex-Judges Condemn Amit Shah's Remarks 'Misinterpreting' Supreme Court's Salwa Judum Judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.