ന്യൂഡൽഹി: മുൻ ഭർത്താവിനെയും ഭർതൃപിതാവിനെയും കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയ ഐ.പി.എസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീംകോടതി ഉത്തരവ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളെല്ലാം റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടർന്ന് മുൻഭർത്താവിന് 109 ദിവസവും പിതാവിന് 103 ദിവസവും ജയിലിൽ കിടക്കേണ്ടി വന്നിരുന്നു.
വ്യാജ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്ന് മുൻ ഭർത്താവിനും ഭർതൃവീട്ടുകാർക്കും നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് നിരുപാധികമായി പരസ്യമായി മാപ്പ് പറയണമെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടത്.
2018 മുതൽ ദമ്പതിമാർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. മകൾ അമ്മയോടൊപ്പം താമസിക്കണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും കുട്ടിയെ കാണാൻ അവസരമൊരുക്കണം.
'അവർ അനുഭവിച്ച കഷ്ടപ്പാട് ഒരു തരത്തിലും നികത്താൻ കഴിയില്ല. സ്ത്രീയും മാതാപിതാക്കളും ഭർത്താവിനോടും കുടുംബാംഗങ്ങളോടും നിരുപാധികം ക്ഷമാപണം നടത്തണം. മാപ്പപേക്ഷ ഇംഗ്ലീഷ്, ഹിന്ദി പത്രത്തിന്റെ ദേശീയ പതിപ്പിൽ പ്രസിദ്ധീകരിക്കണം. കൂടാതെ മൂന്ന് ദിവസത്തിനുള്ളിൽ ക്ഷമാപണം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, മറ്റ് സമാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലും പോസ്റ്റ് ചെയ്യണമെന്നും ജഡ്ജിമാർ വ്യക്തമാക്കി.
കോടതി നിർദേശിക്കുന്ന പോലെയാകണം മാപ്പ് പറയേണ്ടത്. കൂടാതെ ഭാര്യയുടെ മാപ്പപേക്ഷ ഭർത്താവോ കുടുംബമോ മറ്റെവിടെയെങ്കിലും ഉപയോഗിക്കാനോ വെല്ലുവിളിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഭർത്താവിനും കുടുംബത്തിനുമെതിരെ ഔദ്യോഗികമായ പദവിയോ അധികാരമോ സഹപ്രവർത്തകരുടെ അധികാരമോ ഉപയോഗിച്ച് നടപടിയെടുക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഏതെങ്കിലും വിധത്തിൽ ഉത്തരവ് ലംഘിക്കുന്നത് കോടതിയോടുള്ള അവഹേളനമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെയും ജസ്റ്റിസ് എ.ജി. മാസിഹിന്റെയും ബെഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.