വോട്ടുചോരിക്കും വോട്ടു ബന്ദിക്കും (വോട്ടു കൊള്ളക്കും എസ്. ഐ. ആറിനും) എതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സംയുക്തമായി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച തുടക്കം. 16 ദിവസംകൊണ്ട് 1300 കിലോമീറ്റർ താണ്ടുന്ന യാത്ര വോട്ടർപട്ടിക തീവ്ര പരിശോധന സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വോട്ട് കൊള്ളക്കെതിരെ ജനവികാരം ഉണർത്തുന്നതിനുംവേണ്ടിയാണ് സംഘടിപ്പിക്കുന്നത്. വോട്ടർ അധികാര യാത്ര സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനത്ത് മഹാറാലിയോടെ സമാപിക്കും.
ഇൻഡ്യ നേതാക്കൾ പങ്കാളികളാകുന്ന റാലി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാകുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. രാഹുലിന്റെ ഓരോ യാത്രയും ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ യാത്ര.
രാജ്യത്തിന്റെ സ്വാതന്ത്ര്യം നിർണയിക്കുന്നത് വോട്ടിനുള്ള അവകാശമാണ്. ഓരോ ഇന്ത്യക്കാരനും വോട്ടിനുള്ള അവകാശമില്ലെങ്കിൽ പിന്നെ സ്വാതന്ത്ര്യം ഇല്ല. ബി.ജെ.പിയുടെ വോട്ട് കൊള്ള കൈയോടെ പിടികൂടിയ സാഹചര്യത്തിലാണ് യാത്ര നടത്തുന്നത്. ദലിതുകളും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ദരിദ്രരും പീഡിതരും കുടിയേറ്റ തൊഴിലാളികളുമായ വലിയൊരു വിഭാഗത്തിന് വോട്ട് ഇല്ലാതാകുക മാത്രമല്ല, റേഷൻപോലും നിഷേധിക്കുന്ന സാഹചര്യമാണ് സംജാതമാകുക. ജനങ്ങളിൽ ബോധവത്കരണം നടത്താനും ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി സ്വന്തം ജോലി നശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാനുമാണ് യാത്രയെന്നും ഖേര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.