കട്ടപ്പന: 27ഗ്രാം എം.ഡി.എം.എയുമായി ബംഗളൂരൂവിൽ നിന്നെത്തിയ യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി നാരായണഗുരു റോഡ് പയാറ്റുവളപ്പിൽ ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദി (31) നെയാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ബൈപാസ് റോഡിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഫാരിസിന്‍റെ ദേഹപരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന എം.ഡി.എം.എ കണ്ടെടുത്തത്.
ചൊവ്വഴ്ച രാവിലെ ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് എം.ഡി.എം.എ കൈമാറാൻ കട്ടപ്പനയിൽ കാത്തു നിൽക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്ക് എം.ഡി.എം.എ ലഭിച്ച ഉറവിടവും ആർക്കാണ് കൈമാറാൻ കാത്തുനിന്നതും ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അറിയാൻ വിശദമായി ചോദ്യംചെയ്തു വരികയാണ്.
കോഴിക്കോട് സ്വദേശിയുടെ പിന്നിൽ എം.ഡി.എം.എ കടത്തലിന്റെ അന്തർ സംസ്‌ഥാന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിൽ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ട് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഐ.പി.എസിന്‍റെ കിഴിലുള്ള ഡാൻസാഫ് ടീമും കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ സി.ഐ ടി.സി. മുരുകൻ, എസ്.ഐമാരായ ഷാജി എബ്രാഹം, ബെർട്ടിൻ ജോസ്, പി.വി. മഹേഷ്, എസ്.സി.പി.ഒ. ഷെമീർ, സി.പി.ഒമാരായ ബിബിൻ മാത്യു, ആർ. ഗണേഷ്, സിനോജ് ജോസഫ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.