കൊല്ലം: സ്കൂളിൽ ഷോക്കേറ്റുമരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ (13) അമ്മയെ ഒടുവിൽ മരണ വിവരമറിയിച്ചു. കുവൈത്തിൽ ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ സുജയെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല.
സുജ ജോലി ചെയ്യുന്ന വീട്ടിലെ കുടുംബത്തോടൊപ്പം കുവൈത്തിൽ നിന്ന് തുർക്കിയിലേക്ക് യാത്രക്ക് പോയതായിരുന്നു. രാവിലെ മുതൽ സുജയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വൈകിട്ടോടെയാണ് ബന്ധുക്കൾക്ക് സുജയെ വിവരം അറിയിക്കാനായത്. ആദ്യ ഘട്ടത്തിൽ മകന് അപകടം സംഭവിച്ചുവെന്ന് മാത്രമാണ് അറിയിച്ചിരുന്നെങ്കിലും നാട്ടിലേക്ക് വളരെ വേഗം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മരണ വിവരം അറിയിച്ചുവെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
എംബസി മുഖേന, തുര്‍ക്കിയില്‍ അവര്‍ പോയിരിക്കുന്ന സ്ഥലത്ത് ബന്ധപ്പെട്ട് സുജയെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യുമെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനോജിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.