തിരുവനന്തപുരം: വോട്ടർപട്ടികയിലെ തിരുത്തലുകൾക്ക് അനുവദിച്ച സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ വെബ്പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങളിൽ വട്ടംകറങ്ങി അപേക്ഷകർ. പേര് ചേർക്കലിനും തിരുത്തലിനുമടക്കമുള്ള ഓൺലൈൻ സംവിധാനത്തിലെ സങ്കീർണതക്കൊപ്പം സമയം തീരാറായതോടെ കൂട്ടമായി ആളുകൾ കയറിയതിനെ തുടർന്നുള്ള സാങ്കേതിക പ്രശ്നങ്ങളും അപേക്ഷകരെ കുഴപ്പിക്കുകയാണ്. വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് അറിയാനുള്ള വിൻഡോ തുറന്നുകിട്ടാൻ തന്നെ ചില സമയങ്ങളിൽ ഏറെ വിയർക്കണം. പേര് ചേർക്കലിനടക്കം എല്ലാ നടപടികൾക്കും പോർട്ടലിൽ ഫോൺ നമ്പർ നൽകി സ്വന്തമായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഇതിനും സാമാന്യം ഭാരിച്ച നടപടിക്രമങ്ങളുണ്ട്.
പേര് ചേർക്കലിന് വോട്ടർ സ്റ്റാറ്റസ്, പോളിങ് സ്റ്റേഷൻ, വോട്ടർ ഇൻഫർമേഷൻ, ഫോട്ടോ അപ്ലോഡ്, കൺഫർമേഷൻ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളുണ്ട്. മിക്കവാറും മൂന്ന് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ട് നാലാം ഘട്ടത്തിലേക്ക് കടക്കാൻ ക്ലിക്ക് ചെയ്യുമ്പോഴേക്കും വിൻഡോ താനേ ഓഫായി ആദ്യത്തേതിലേക്ക് പോയി നിൽക്കും. പിന്നീട് വീണ്ടും യൂസർ നെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് ആദ്യം മുതലേ പൂരിപ്പിച്ച് തുടങ്ങണം. അപേക്ഷകരുടെ തിരക്ക് മൂലം വെബ്സൈറ്റ് ഹാങ്ങാവുന്നതിനാൽ വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുന്നതിനും പ്രായാസം നേരിടുകയാണെന്ന് അപേക്ഷകർ പറയുന്നു. മൂന്നും നാലും വട്ടം പരിശ്രമിക്കുമ്പോഴാണ് അവസാന സ്റ്റെപ്പിലേക്ക് എത്താനാവുക.
സ്വന്തം നിലയിൽ അപേക്ഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നുണ്ടെങ്കിലും നടപടിക്രമങ്ങളിലെ സങ്കീർണത കാരണം പലരും അക്ഷയ സെന്ററുകളെ സമീപിക്കുകയാണ്. സമയം അവസാനിക്കാറായതോടെ ഇവിടങ്ങളിലും തിരക്കാണ്. സമയപരിധി നീട്ടാത്ത പക്ഷം പട്ടികയിൽനിന്ന് പുറത്തായ നല്ലൊരു ശതമാനത്തിനും നടപടികൾ പൂർത്തിയാക്കി വോട്ടവകാശം സ്വന്തമാക്കാനാകില്ല. സമയം നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും സി.പി.ഐയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.