ഷാജി കോടങ്കണ്ടത്ത്

പാലിയേക്കര ടോൾ: വിടാ​നൊരുക്കമില്ലാതെ ഷാജി കോടങ്കണ്ടത്ത്; ​സുപ്രീംകോടതിയിൽ തടസ ഹരജി

ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് മരവിപ്പിച്ച ഹൈകോടതി വിധിക്കെതിരെ കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ട് ​സുപ്രീംകോടതിയിൽ തടസ ഹരജി. കരാറുകാരും ദേശീയ പാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിലെ ഹരജിക്കാരനായ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് തടസ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

തൃശൂരിലെ അഭിഭാഷകൻ കൂടിയായ ഷാജി കോടങ്കണ്ടത്തിന്റെ അഞ്ച് വർഷം നീണ്ട നിയമപോരാട്ടമാണ് പാലിയേക്കരയിൽ തൽക്കാലത്തേക്കെങ്കിലും ടോൾ നിർത്തിവെക്കാൻ കാരണമായത്. മണ്ണുത്തി - ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി പരാജയപ്പെട്ടെന്ന് വിധിയിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ടോൾ പ്ലാസക്ക് മുന്നിൽ സമരങ്ങൾ നടത്തുന്നതിനിടെ തന്നെയാണ് 2020ൽ ഷാജി മണ്ണുത്തി-ഇടപ്പള്ളി പാതയിലെ ടോൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. 2020ൽ ഡിസംബറിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും ഹൈകോടതിയെ സമീപിക്കാനുള്ള നിർദേശമാണ് ലഭിച്ചത്. ഇതോടെ ഹൈകോടതിയിലെത്തി. ടോൾ പിരിവിന്റെ കാലാവധി 2026ൽ നിന്ന് 2028 വരെ നീട്ടിയത് റദ്ദാക്കണമെന്നായിരുന്നു ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.

ഇതോടൊപ്പം നിർമാണത്തിന് അധിക തുക ചെലവായെന്ന ആക്ഷേപവും അങ്കമാലി മുതൽ ഇടപ്പള്ളി വരെ നിലവിലുണ്ടായിരുന്ന നാല് വരി പാതയുടെ അറ്റകുറ്റപ്പണിക്ക് പകരം മുഴുവൻ തുകയും ടോൾ ഇനത്തിൽ വാങ്ങുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. 323 കോടിക്ക് കരാർ ഏറ്റെടുത്ത നിർമാണക്കമ്പനി 723 കോടിക്ക് പണിപൂർത്തിയാക്കിയെന്ന് കള്ളക്കണക്ക് നൽകിയതായും ഇതിനകം 1700 കോടി പിരിച്ചുവെന്നും ഷാജി പറയുന്നു.

ഈ ഹരജിയുടെ ഉപഹരജിയായാണ് ഇപ്പോൾ വിധി വന്ന ടോൾ നിർത്തിവെക്കൽ ആവശ്യം ഉന്നയിച്ചത്. ദേശീയപാതയിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതും സർവിസ് റോഡുകൾ നന്നാക്കാത്തതും അടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയ ഹരജി പല തവണ മാറ്റിവെച്ചിരുന്നു. ഒടുവിലാണ് ബുധനാഴ്ച വിധി വന്നത്. ടോൾ കാലാവധി നീട്ടിയതിനെതിരെ ഹൈകോടതിയിലുള്ള പ്രധാന ഹരജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയിരിക്കുകയാണെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. പ്രദേശവാസികളിൽ നിന്ന് ടോൾ ഈടാക്കിയത്, ടോൾ ഒഴിവാക്കിയുള്ള വഴികൾ അടച്ചത് കാരണങ്ങളാലാണ് ഈ പോരാട്ടം തുടങ്ങിയത്. നേരത്തേ മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത നിർമാണത്തിലെ ക്രമക്കേടുകൾക്കെതിരെയും ഷാജി പരാതികളും ഹരജികളും നൽകിയിരുന്നു.

അതിനിടെ, ടോൾ പിരിവ്​ നാലാഴ്​ചത്തേക്ക്​ നിർത്താൻ ഹൈകോടതി ഉത്തരവിട്ടതോടെ 14 കോടിയോളം രൂപ ജനങ്ങൾക്ക്​ ലാഭമാകും. കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ വാഹനസാ​ന്ദ്രതയുള്ള ദേശീയപാതയായ ഇവിടെ പ്രതിദിനം 52 മുതൽ 60 ലക്ഷം രൂപ വരെയാണ്​ ടോൾ ഇനത്തിൽ വരുമാനം. വരുന്ന നാലാഴ്ചക്കുള്ളിൽ മാത്രം 14 കോടിയിലധികം രൂപയാണ്​ വാഹന ഉടമകൾക്ക്​ ലാഭമുണ്ടാകുക. മൂന്നു​ മാസത്തിലധികമായി തകർന്നുകിടക്കുന്ന റോഡിലൂടെ സർവിസ്​ നടത്തിയപ്പോൾ ടോൾ കമ്പനിക്ക്​ ഈ തുക ലഭിക്കുകയായിരുന്നുവെന്ന വസ്തുതയുമുണ്ട്​.

Tags:    
News Summary - Paliyekkara Toll: Shaji Kodankandath petition filed in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 03:53 GMT