കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളും വോട്ടർപട്ടികയിലൂടെ അട്ടിമറിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നടുക്കുന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, തൃശൂരിലെ ബി.ജെ.പി ജയത്തിന് പിന്നിലെ അസ്വാഭാവികതകൾ വീണ്ടും ചർച്ചയാകുന്നു
തെരഞ്ഞെടുപ്പ് കാലമായാൽ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതും മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കുന്നതുമെല്ലാം രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ജോലിയാണ്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പാർട്ടികൾ പരസ്പരം ആരോപണ പ്രത്യാരോപണം ഉന്നയിക്കുന്നതും കാലങ്ങളായി നമ്മൾ കണ്ട് പരിചയിച്ച കാഴ്ചയാണ്. എന്നാൽ, രാജ്യമിതുവരെ കാണാത്ത കാഴ്ചകളാൽ നിറഞ്ഞ ഈയൊരു പതിറ്റാണ്ടിൽ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നതും നടുക്കുന്ന കാഴ്ചകൾതന്നെ. തെരഞ്ഞെടുപ്പ് കമീഷനെതന്നെ മുന്നിൽ നിർത്തി ഭരണപക്ഷം ജനഹിതം അട്ടിമറിക്കുന്നതിന്റെ തെളിവുകൾ പ്രതിപക്ഷ പാർട്ടികൾ പുറത്തുവിടുന്ന സമയമാണിത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളും വോട്ടർപട്ടികയിലൂടെ അട്ടിമറിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സ്തോഭജനകമായ ആരോപണത്തിന് മുന്നിൽ കേന്ദ്ര സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും മാത്രമല്ല, ഈ രാജ്യത്തെ മുഖ്യധാര മാധ്യമങ്ങൾവരെ മൗനത്തിലാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലയെവരെ ബാധിക്കുന്ന ഈ വിഷയത്തിൽ കേരളമടക്കം ചില സംസ്ഥാനങ്ങളിൽ മാധ്യമ ചർച്ചകളും അന്വേഷണങ്ങളും സജീവമായിരിക്കുന്നു. അതുകൊണ്ടുതന്നെ അരുതാത്തത് പലതും സംഭവിച്ചുവെന്ന് തെരഞ്ഞെടുപ്പ് സമയത്തുതന്നെ ആരോപണങ്ങൾ ഉയർന്ന, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ തൃശൂരിലെ ബി.ജെ.പി ജയം വീണ്ടും ചർച്ചയിലെത്തുകയാണ്.
തൃശൂരിലെന്താണ് സംഭവിച്ചത് ?
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്നു തൃശൂർ. ലോക്സഭയിലും നിയമസഭയിലും മാറി മാറി തൃശൂരുകാർ തോൽപിച്ചിട്ടും ‘തൃശൂർ ഇങ്ങെടുക്കു’മെന്ന് പ്രഖ്യാപിച്ച് മണ്ഡലത്തിൽ തുടർന്ന ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ഒടുവിൽ ലോക്സഭയിലേക്ക് വിജയം കണ്ടതിൽ ആദ്യം അമ്പരപ്പും പിന്നെ പല ചോദ്യങ്ങളുമാണ് സംസ്ഥാനത്തെ മറ്റു പാർട്ടികൾക്കുണ്ടായിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമായി തൃശൂർ ഉയർന്നപ്പോൾതന്നെ ബി.ജെ.പി വിരുദ്ധ പാർട്ടികൾക്ക് അപകടം മണക്കേണ്ടതായിരുന്നു. 14,83,055 വോട്ടർമാരാണ് തൃശൂർ ലോക്സഭ മണ്ഡലത്തിൽ. തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് നടന്ന 2019ലെ കണക്കുകൾ നോക്കുമ്പോഴാണ് വ്യത്യാസം വ്യക്തമാകുക. 2019ൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം പത്തനംതിട്ടയായിരുന്നു-13,23,906. തൃശൂരിൽ അന്ന് 12,75,288 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
ഏജൻസി തന്ത്രങ്ങൾ ?
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഏജൻസിയാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളത്തിൽ, പ്രത്യേകിച്ച് തൃശൂരിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതു മുതൽ തൃശൂർ പൂരം അലങ്കോലമാക്കി സുരേഷ് ഗോപിയെ രക്ഷകനായി അവതരിപ്പിക്കുന്നതിൽവരെ ഈ ഏജൻസിയുണ്ടായിരുന്നുവെന്ന് ആരോപണം ഉയർന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയ സംഘടനയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തിരിച്ചറിയുന്നതിൽ തങ്ങളടക്കം ഇതര പാർട്ടികൾ പരാജയപ്പെട്ടു എന്നാണ് എൽ.ഡി.എഫ് ലോക്സഭ സ്ഥാനാർഥിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞത്.
ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയസാധ്യത കുറവായതിനാൽ അവിടെനിന്ന് പാർട്ടി വോട്ടുകൾ കൂട്ടമായി തൃശൂരിലേക്ക് കൊണ്ടുവന്ന് ചേർക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. കോർപറേഷൻ കൗൺസിലർമാരെ ഇതിനായി ബി.ജെ.പി ഉപയോഗിച്ചുവെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ പറയുന്നു. കോർപറേഷൻ പരിധിയിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളും ഉപയോഗിച്ചായിരുന്നു ഈ ഉപജാപം. തൃശൂർ നിയമസഭ മണ്ഡലത്തിൽ മാത്രം ഒമ്പതിനായിരത്തിലധികം പേരെ അനധികൃതമായി വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഇടതു, കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ ‘വോട്ടു ചോരണം’ സംബന്ധിച്ച് രാഹുൽ ഗാന്ധി തെളിവുസഹിതം വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ, തൃശൂരിലെ വ്യാപക അസ്വാഭാവികതയും വെളിച്ചത്തുകൊണ്ടുവരാൻ ഒരുങ്ങിയിരിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും.
ദുരൂഹ വോട്ടുകളിൽ തൃശൂർ
2024 ലോക്സഭ തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമായി (14,83,055) തൃശൂർ ഉയർന്നത്. കൂടാതെ കാസർകോട്, വടകര, വയനാട്, പത്തനംതിട്ട, മലപ്പുറം, പൊന്നാനി, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മണ്ഡലങ്ങളിലാണ് 14 ലക്ഷത്തിന് മുകളിൽ വോട്ടർമാരുള്ളത്. തൃശൂർ കോർപറേഷൻ പരിധിയിലെ ബി.ജെ.പി ശക്തികേന്ദ്രങ്ങളിലാണ് വ്യാപകമായി വോട്ടു വർധിച്ചതെന്ന് മറ്റു പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ ലോക്സഭ സ്ഥാനാർഥി വി.എസ്. സുനിൽകുമാറും കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരനും വോട്ടെടുപ്പിന് മുമ്പുതന്നെ പരാതി ഉന്നയിച്ചിരുന്നു.
ഇതിൽ പൂങ്കുന്നം പ്രദേശത്തെ ചില ബൂത്തുകളിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നതായി അന്നുതന്നെ ആരോപണം ഉയരുകയുണ്ടായി. എന്നാൽ, ജില്ല വരണാധികാരി കൂടിയായ കലക്ടർ ഇടപെട്ട് പട്ടികയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കുകയായിരുന്നു. ഇങ്ങനെ വോട്ട് ചെയ്തതിൽ പലരെയും നാട്ടിൽ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് ഇതര പാർട്ടികളുടെ ബൂത്ത് ഏജന്റുമാർ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ചില ബൂത്തുകളിൽ വ്യാജവോട്ടർമാരെ കണ്ടെത്തിയതിനെതുടർന്ന് ബി.ജെ.പി ഭാരവാഹികളും ഇതര പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷംവരെ നടന്നിരുന്നു.
തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ രണ്ട് ബൂത്തുകളിൽ അനധികൃത വോട്ടർമാരും ഉണ്ടെന്ന ആരോപണം ഉയർന്നപ്പോൾ കലക്ടർ ഇടപെട്ട് വോട്ട് ചെയ്യാൻ അനുമതി നൽകി. പൂങ്കുന്നത്തെ ചില വാർഡുകളിൽ പത്തിലധികം വോട്ടർമാർക്ക് സമാന വിലാസമാണുള്ളത്. ഇത് പട്ടികയിലുടനീളം ആവർത്തിച്ചുവന്നു. പലരുടെയും വിലാസം വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നുമുണ്ട്. മണ്ഡലത്തിൽ 28000 കള്ളവോട്ടുകൾ ബി.ജെ.പി ചേർത്തുവെന്നാണ് കോൺഗ്രസ് ആരോപണം.
തൃശൂർ ലോക്സഭ മണ്ഡലത്തിൽ 2004ലേക്കാൾ 4,92,322 വോട്ടർമാർ 2024ൽ അധികം വന്നു. 2019ൽ 12,68,671 വോട്ടർമാരായിരുന്നു ആകെ ഉണ്ടായിരുന്നത്. ഇത് അഞ്ച് വർഷംകൊണ്ട് 14,83,055 ആയി ഉയർന്നു. ഇതിൽ വലിയൊരു സംഖ്യ ഇതര മണ്ഡലങ്ങളിൽനിന്നും ബി.ജെ.പി തൃശൂരിലേക്ക് മാറ്റിച്ചേർത്തതാണെന്നാണ് മുഖ്യ ആരോപണം. ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം പരിശോധിച്ചാൽ ഇതിലേക്ക് വെളിച്ചം വീശുന്ന യാഥാർഥ്യങ്ങൾ കാണാം.
ഒരേ ആരോപണവുമായി സി.പി.ഐ, കോൺഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബി.ജെ.പി തൃശൂർ നഗരം കേന്ദ്രീകരിച്ച് വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുന്നു എന്ന് സി.പി.ഐ, കോൺഗ്രസ് പാർട്ടി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മത്സരരംഗത്ത് തങ്ങളുടെ പാർട്ടി സ്ഥാനാർഥിയല്ലാത്തതിനാലാകണം സി.പി.എം ഇതിനെ വേണ്ടത്ര ഗൗരവത്തിൽ കണ്ടില്ല. വോട്ടർ പട്ടിക ക്രമക്കേട്, ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി പൂരം കലക്കൽ, അന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരുന്ന എം.ആർ. അജിത്കുമാറിന്റെ ആർ.എസ്.എസ് നേതാക്കളുമായുള്ള ദുരൂഹ കൂടിക്കാഴ്ചകൾ, പൂരം കലക്കലിൽ പൊലീസ് ഒത്തുകളിച്ചു എന്നിവയായിരുന്നു സി.പി.ഐ, കോൺഗ്രസ് നേതാക്കൾ ഒരുപോലെ ഉയർത്തിയ ആരോപണങ്ങൾ.
വരാഹിയെന്ന ദുരൂഹ ഏജൻസി
ബി.ജെ.പിക്കായി അഖിലേന്ത്യതലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആസൂത്രണം ചെയ്യുന്നത് വരാഹി അനലറ്റിക്സ്, നേഷൻ വിത്ത് നമോ, ജർവിസ് കൺസൾട്ടിങ് എന്നീ ഏജൻസികളാണ്. രാഷ്ട്രീയതന്ത്രങ്ങൾ മെനയുന്നതിൽ വിദഗ്ധരാണ് വരാഹി അനലറ്റിക്സ്. 2022ൽ രംഗേഷ് ശ്രീധർ എന്നയാളാണ് വരാഹി അനലറ്റിക്സിന് തുടക്കമിട്ടതെന്നും ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രചാരണ ചുമതല വരാഹിക്കാണെന്നും ‘എക്കണോമിക് ടൈംസ്’ പറയുന്നു.
18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി തങ്ങൾക്ക് 1400 ഇടപാടുകാരുണ്ടെന്നും ഇതിനകം ഏഴ് കാമ്പയിനുകൾ വിജയകരമായി പൂർത്തിയാക്കിയതായും വരാഹിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇതിൽ കേരളവും ഉണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് വരാഹി ആയിരുന്നു. സുരേഷ് ഗോപിയുടെ പ്രചാരണങ്ങൾ മുഴുവൻ മെനഞ്ഞത് ഇവരായിരുന്നു. വോട്ട് ചേർക്കൽ, സോഷ്യൽ മീഡിയ പ്രചാരണം എന്നിവയിലടക്കം ഇവരുടെ പങ്കുണ്ടായിരുന്നു. ബി.ജെ.പിക്കുവേണ്ടി തൃശൂർ പൂരം കലക്കൽ ആസൂത്രണം ചെയ്തത് വരാഹി ആണെന്നുവരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്വേഷം പ്രചരിപ്പിച്ചതിന് കോൺഗ്രസ് പരാതിയിൽ കർണാടക പൊലീസ് വരാഹിയുടെ ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലും പൊലീസ് വരാഹിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു ഏജൻസിയുടെ നിഗൂഢ പ്രവർത്തനം കൺമുന്നിൽ കണ്ടിട്ടും കേരള പൊലീസ് മൗനം പാലിക്കുന്നതന്തെന്നത് ദുരൂഹത കൂട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്:
‘‘2024 ലോക്സഭ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 27.10.2023ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പകർപ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും നൽകി. ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന് കമീഷൻ അനുവദിച്ച സമയപരിധിയായ 27.10.2023 മുതൽ 9.12.2023 വരെ ലോക്സഭ മണ്ഡല പരിധിയിൽ ആകെ 45924 ഫോറം ആറ് (പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ) ലഭിക്കുകയും 42807 എണ്ണം അംഗീകരിക്കുകയും 3117 എണ്ണം നിരസിക്കുകയും ചെയ്തു. ആകെ 25194 ഫോറം ഏഴ് (പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ) ലഭിക്കുകയും ആയതിൽ 24472 എണ്ണം അംഗീകരിക്കുകയും 722 എണ്ണം നിരസിക്കുകയും ചെയ്തു. 14068 ഫോറം എട്ട് (പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനുള്ള അപേക്ഷ) ലഭിക്കുകയും ആയതിൽ 13264 എണ്ണം അംഗീകരിക്കുകയും 804 എണ്ണം നിരസിക്കുകയും ചെയ്തു. ഇതെല്ലാം പരിഹരിച്ച് 22.01.2024ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയുടെ പകർപ്പ് എല്ലാ പാർട്ടികൾക്കും നൽകി. ഈ കാലയളവിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസമാർ സ്വീകരിച്ച നടപടി സംബന്ധിച്ച് അപ്പീലുകൾ ഒന്നും തന്നെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല.
അന്തിമ വോട്ടർപട്ടികയിൽ തുടർച്ചയായ പുതുക്കലിന്റെ ഭാഗമായി 10.12.2023 മുതൽ 25.03.2024 വരെ ആകെ 73731 എണ്ണം ഫോറം ആറ് ലഭിക്കുകയും അതിൽ 67670 എണ്ണം അംഗീകരിക്കുകയും 6061 എണ്ണം നിരസിക്കുകയും ചെയ്തു. 10.12.2023 മുതൽ 16.03.2024 വരെ ആകെ 25264 എണ്ണം ഫോറം ഏഴ് ലഭിക്കുകയും 22061 എണ്ണം അംഗീകരിക്കുകയും 3203 എണ്ണം നിരസിക്കുകയും ചെയ്തു. ഇതേ കാലയളവിൽ ആകെ 26948 എണ്ണം ഫോറം എട്ട് ലഭിക്കുകയും 25351 എണ്ണം അംഗീകരിക്കുകയും 1597 എണ്ണം നിരസിക്കുകയും ചെയ്തു. തുടർച്ചയായ പുതുക്കൽ പൂർത്തിയാക്കി 04.04.2024 ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഈ വേളയിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ സ്വീകരിച്ച നടപടി സംബന്ധിച്ച് അപ്പീലുകൾ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനറൽ ഒബ്സർവറുടെ അധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പ് സ്ക്രൂട്ടിനി യോഗത്തിലും വോട്ടർ പട്ടിക സംബന്ധിച്ച അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടില്ല’’
ബി.ജെ.പി വോട്ടുകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണം -കെ.ജി. ശിവാനന്ദൻ
ബി.ജെ.പിയുടെ വോട്ടുകൊള്ളയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ. വിഷയത്തിൽ പാർട്ടി ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനനുസരിച്ച് മുന്നോട്ടുപോകും. ജില്ലയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി അനർഹരായവരെ വോട്ടർ പട്ടികയിൽ വ്യാപകമായി ചേർത്തതിനെതിരെ എൽ.ഡി.എഫും സ്ഥാനാർഥിയും തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ, കമീഷൻ പ്രശ്നം ലഘൂകരിക്കുകയാണ് ചെയ്തത്. രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ തൃശൂരിലെ ക്രമക്കേടിലുള്പ്പെടെ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ എൽ.ഡി.എഫിന് വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 16000 വോട്ട് കൂടിയപ്പോള്‍ യു.ഡി.എഫിന്റെ 89000 വോട്ട് ചോര്‍ന്നു -അദ്ദേഹം പറയുന്നു.
ബംഗളൂരു മോഡൽ അന്വേഷണം തൃശൂരും നടത്തും -ജോസഫ് ടാജറ്റ്
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടത്തിയതിന് സമാനരീതിൽ തൃശൂരിലെ വോട്ടർ പട്ടിക സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പഠിച്ച് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. തൃശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നു. 65,000 പുതിയ വോട്ടർമാരെ ചേർത്തെന്ന് ബി.ജെ.പിതന്നെ അവകാശപ്പെടുന്നുണ്ട്. നഗരത്തിലെ വിവിധ ഫ്ലാറ്റുകളിൽ വോട്ടർമാരെ കൂട്ടത്തോടെ ചേർത്തുവെന്ന് അന്നുതന്നെ കലക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ബി.എൽ.ഒമാർ നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ പല വോട്ടുകളും ഇപ്പോൾ കാണാനില്ല –വി.എസ്. സുനിൽ കുമാർ
2024ലെ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ മണ്ഡലത്തിൽ ചേർത്തിരുന്ന വോട്ടുകളിൽ പലതും ഇപ്പോൾ കാണാനില്ലെന്ന് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ. ബി.ജെ.പി വ്യാപകമായി ചേർത്ത വോട്ടുകളാണ് തദ്ദേശതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കാണാതായത്. അന്നുതന്നെ പരാതി നൽകിയിരുന്നെങ്കിലും ആ സമയം കലക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ നടപടി സ്വീകരിച്ചില്ലെന്നും സുനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. കൃഷ്ണതേജ അതിനുശേഷം ഡെപ്യൂട്ടേഷനിൽ എൻ.ഡി.എ ഭരണത്തിലുള്ള ആന്ധ്രപ്രദേശിലേക്ക് പോകുകയായിരുന്നുവെന്നത് സംശയത്തിന് വകനൽകുന്നു.
പൂങ്കുന്നത്ത് 30ാം വാർഡിൽ മാത്രം 281 വോട്ടുകളാണ് പുതുതായി ചേർത്തത്. വോട്ട് ചേർക്കലിൽ കൃത്രിമം കാണിക്കുന്ന ചില ബി.എൽ.ഒമാരുടെ പേരെടുത്ത് പറഞ്ഞും പരാതി നൽകിയിരുന്നു. ഇക്കാര്യങ്ങളിലൊന്നും നടപടി സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ വാദം തെറ്റാണ്. തൃശൂർ നഗരത്തിൽ വ്യാജ വോട്ടുചേർക്കൽ വ്യാപകമായിരുന്നു. ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വോട്ട് ചേർക്കൽ നടന്നത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നടപടിക്രമങ്ങൾ ലളിതമാക്കിയതാണ് തൃശൂരിൽ പുറത്തുനിന്നുള്ളവരുടെ വ്യാപക വോട്ട് ചേർക്കലിന് സഹായിച്ചത്. വോട്ട് ചേർക്കാനുദ്ദേശിക്കുന്ന വിലാസത്തിൽ വന്ന കത്തോ കാർഡോ ഉപയോഗിച്ച് വോട്ട് ചേർക്കാമെന്ന വ്യവസ്ഥയാണ് മറ്റ് മണ്ഡലങ്ങളിലുള്ളവർക്ക് ഇവിടെ വോട്ടിന് അവസരമൊരുക്കിയത്. സുരേഷ് ഗോപിയുടെ അനിയനും ഡ്രൈവറും അടക്കം തൃശൂരിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തവരാണ്. 2024 തെരഞ്ഞെടുപ്പിൽ പുതുതായി വോട്ട് ചേർക്കപ്പെട്ടവരിൽ എത്ര പേർ ആ വർഷം 18 വയസ്സ് പൂർത്തിയായവർ ആണെന്ന് നോക്കിയാൽതന്നെ വെട്ടിപ്പ് മനസ്സിലാകും -സുനിൽ കുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.