'ആർ.എസ്.എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും നല്ല ചേലുള്ളതാണെന്ന്... കോണകം പോലുള്ള കൊടിയാണ്, അത് ഒരു സ്ത്രീയുടെ കൈയിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ..?'; എം.വി. ജയരാജൻ

കണ്ണൂർ: ആർ.എസ്.എസിനെയും ഗവർണർ രാജേന്ദ്ര അർലേക്കറെയും രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ. ആർ.എസ്.എസിന്റെ ശാഖ മുതൽ പ്രവർത്തിച്ച് വന്നയാളാണ് കേരളത്തിന്റെ ഗവർണറെന്നും ഇന്ത്യന്‍ ഭരണഘടനയെയും മതേതതരത്വവുമല്ല മനു സ്മൃതിയാണ് അവരുടെ ഗ്രന്ഥമെന്നും ജയരാജൻ തുറന്നടിച്ചു.

'രാജ്ഭവനിലും ഗവർണർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇപ്പോൾ പ്രദർശിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ആർ.എസ്.എസിന്റെ പതാക ഏന്തിയ ഒരു സ്ത്രീ. അതിന് അവർ പേരിട്ട് വിളിക്കുന്ന ഭാരതാംബ. ആർ.എസ്.എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും നല്ല ചേലുള്ള കൊടിയാണെന്ന്... കോണകം പോലുള്ള കൊടിയാണ്. അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കൈയിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ'- എന്ന് ജയരാജൻ ചോദിച്ചു.

സി. സദാനന്ദന്‍ എം.പിയുടെ വധശ്രമ കേസില്‍ എട്ടു സി.പി.എം പ്രവര്‍ത്തകരെ ജയിലില്‍ അടച്ച സംഭവത്തില്‍ സി.പി.എം പഴശിസൗത്ത് ലോക്കല്‍ കമ്മിറ്റി ഉരുവച്ചാല്‍ ടൗണില്‍ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജനാർദനനെ ക്രൂരമായി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സി.സദാനന്ദനെന്നും കമ്യൂണിസ്റ്റുകാരെ ജയിലിലടച്ച് എം.പിയായി വിലസാമെന്ന് സദാനന്ദൻ കരുതേണ്ടെന്നും രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ എം.വി.ജയരാജൻ പറഞ്ഞു. മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാസിങ് താക്കൂറിന്റെ സ്ഥാനം ഇപ്പോൾ പാർലമെന്റിൽ ഒഴിവുണ്ട്. ഈ അഭാവം പരിഹരിക്കാനാണ് സദാനന്ദനെ എം.പിയാക്കിയതെന്നും ജയരാജൻ പറഞ്ഞു.

30 വർഷത്തിനുശേഷം കള്ളക്കേസിൽ ജയിലിലടച്ച സി.പി.എം പ്രവർത്തകർ തെറ്റുചെയ്തവരല്ലെന്ന് നാട്ടിൽ എല്ലാവർക്കുമറിയാം. നാടിന് കൊള്ളരുതാത്തവരാണ് ആർ.എസ്.എസുകാർ. കോൺഗ്രസും ആർ.എസ്.എസിന്റെ പാതയിലാണ്. കോൺഗ്രസിലേക്ക് പോകുന്നത് പിന്നീട് ആർ.എസ്.എസിലേക്ക് ചേക്കേറാനാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - MV Jayarajan sharply criticizes RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.