‘ചോരക്കളി തൃശൂരിൽ തുടങ്ങിയാൽ അതിന്റേതായ രീതിയിൽ ബി.ജെ.പി പ്രതിരോധിക്കും’ -തൃശൂരില്‍ സി.പി.എം ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച്

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചേർത്തുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം- ബി.ജെ.പി സംഘർഷം. സുരേഷ് ഗോപിയുടെ എം.പി ഓഫിസിലേക്ക് സി.പി.എം മാർച്ച് നടത്തിയതിന് പകരമായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പിയും മാർച്ച് നടത്തി.

ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ നടുവില്‍ പൊലീസ് നിലയുറപ്പിച്ചു. പൊലീസും പാർട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ ചോരക്കളി തൃശൂരിലും തുടങ്ങാനാണ് തീരുമാനമെങ്കിൽ അതിന്റെതായ പ്രതിരോധം തീർക്കുമെന്നും രാഷ്ട്രീയക്കൊലയിൽ തിരിച്ചടിച്ചതിന്റെ കണക്ക് നോക്കിയാൽ സംഘ്പരിവാറിന്റെ പ്രതിരോധത്തിന്റെ ശക്തി അറിയുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.

വോട്ടുകൊള്ള വിവാദത്തിൽ ബി.ജെ.പിയേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകളാണ് തൃശൂർ മണ്ഡലത്തിൽ നിന്ന് പുറത്തുവരുന്നത്. തൃശൂരിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും ഉൾപ്പെട്ടുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തി.

തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിലാണ് സഹോദരൻ സുഭാഷ് ഗോപിയുടെ പേര് ഉണ്ടെന്ന് കണ്ടെത്തിയത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ട്. ഇരവിപുരത്ത് വോട്ടർപട്ടികയിൽ പേരുള്ളപ്പോൾ തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലും വോട്ട് ചേർത്തത്.

ആലത്തൂർ മണ്ഡലത്തിന്റെ ഭാഗമായ വേലൂർ പഞ്ചായത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റൽ വില്ലേജ് ഫ്ലാറ്റിലാണ് പേര് ചേർക്കപ്പെട്ടത്. മലപ്പുറം സ്വദേശിയായ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യറും രംഗത്തെത്തി

സുരേഷ് ഗോപിയുടെ ബോർഡിൽ കരി ഓയിൽ ഒഴിച്ചു

ജനാധിപത്യപരമായ വോട്ടവകാശം അട്ടിമറിച്ചതിലും കന്യാസ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പുലർത്തുന്ന മൗനത്തിലും പ്രതിഷേധിച്ചാണ് സി.പി.എം തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ കേന്ദ്രമന്ത്രിയുടെ ഓഫിസ് ബോർഡിലേക്ക് കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സി.പി.എം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.

ചേറൂർ പള്ളിമൂല സെന്ററിൽനിന്ന് പ്രകടനവുമായി എത്തിയ പ്രവർത്തകരെ ഓഫിസ് പരിസരത്ത് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയായിരുന്നു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ രംഗം വഷളായി. ഇതിനിടെയാണ് ചില പ്രവർത്തകർ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചത്. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ച് സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനൂപ് ഡേവീസ് കാട അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം പി.കെ. ഷാജൻ, ജില്ല കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, വിൽവട്ടം ലോക്കൽ സെക്രട്ടറി ടി.ആർ. ഹിരൺ എന്നിവർ സംസാരിച്ചു.

അതിനിടെ, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസ് അക്രമിച്ച സി.പി.എം നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ അനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമായിരിക്കും. രാഹുല്‍ ഗാന്ധി തുറന്നുവിട്ട നുണപ്രചാരണം ഏറ്റുപിടിച്ച് ബിജെപിക്കെതിരെ കായികപരമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ അതനുവദിക്കില്ല. പ്രതിഷേധ നാടകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിക്കും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കേണ്ടിവരും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - BJP march to CPM office in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.