കണ്ണൂർ: ആഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന ചാൻസലറായ ഗവർണറുടെ നിർദേശത്തിൽ ഒന്നും പ്രതികരിക്കാതെ കണ്ണൂർ സർവകലാശാലയിലെ കോളജുകൾ. നടത്തുന്ന പരിപാടികളെ കുറിച്ച ആക്ഷൻപ്ലാൻ ചൊവ്വാഴ്ച രാവിലെ 11 മണിക്കകം നിശ്ചിത ഗൂഗ്ൾഫോമിൽ അയക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും ഒരു കോളജും കർമപദ്ധതി സർവകലാശാലയിലേക്ക് അയച്ചിട്ടില്ല. വിദ്യാർഥി സംഘടനകൾക്കു പുറമെ സി.പി.എം, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ എല്ലാം പരിപാടിക്കെതിരെ രംഗത്തുവന്നിട്ടിട്ടുണ്ട്.
കണ്ണൂർ: ആഗസ്റ്റ് 14ന് വിഭജനത്തിന്റെ ഭീതിദിനമായി ആചരിക്കണമെന്ന ചാൻസലറായ ഗവർണറുടെ നിർദേശം തള്ളി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. കാമ്പസുകളിൽ ആചരിക്കപ്പെടേണ്ടത് മതേതര സാഹോദര്യത്തിന്റെ ചിന്തകളാണെന്ന് സിൻഡിക്കേറ്റ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
യോഗാധ്യക്ഷനായ വൈസ് ചാൻസലർ ഡോ. കെ.കെ. സാജുവിന്റെ വിയോജിപ്പോടെ പ്രമേയം പാസാക്കി. ചാൻസലർ നാമനിർദേശം ചെയ്ത മാസ് കമ്യൂണിക്കേഷൻസ് ഡീൻ ഡോ. അനിൽ വടവാതൂർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി എൻ. സുകന്യ, ഡോ. എ. അശോകൻ, ഡോ. ചന്ദ്രമോഹനൻ, ഡോ. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
എഴുപത്തിയെട്ടാം സ്വാതന്ത്ര്യവാർഷികത്തിന്റെ വേളയിൽ മറ്റൊരു ദിനാചരണം കൊണ്ടുവരണമെന്ന ചിന്ത വിഭാഗീയത വളർത്താനാഗ്രഹിക്കുന്ന ആശയകേന്ദ്രങ്ങളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം സംബന്ധിച്ച് കേരള സർവകലാശാലയിൽ കത്ത് വിവാദം. വൈസ് ചാൻസലറുടെ നിർദേശ പ്രകാരം കോളജുകളിൽ പരിപാടി സംഘടിപ്പിക്കാൻ നിർദേശിച്ച് കോളജ് ഡെവലപ്മെന്‍റ് കൗൺസിൽ ഡയറക്ടറുടെ ചുമതലയുള്ള ഡോ. വി. ബിജു പ്രിൻസിപ്പൽമാർക്ക് കത്ത് നൽകിയിരുന്നു. ഇടത് അധ്യാപക സംഘടന നേതാവായ ഡോ. ബിജു തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ദിനാചരണം നടത്താൻ നിർദേശിച്ച് കത്ത് നൽകിയതിനെതിരെ വിമർശനമുയർന്നിരുന്നു.
പിന്നാലെയാണ് കത്തിൽ മാറ്റം വരുത്തി പുതിയ കത്ത് നൽകിയത്. പരിപാടിക്കെതിരെ കോളജുകൾ ആശങ്ക പ്രകടിപ്പിച്ച് അന്വേഷണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ തുടർനടപടികൾ പാടുള്ളൂവെന്ന് വ്യക്തമാക്കി ഡയറക്ടറുടെ ചുമതലയുള്ള ഡോ. ബിജു പുതിയ കത്ത് നൽകി. പരിപാടിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെ നയം വ്യക്തമാക്കിയത് പ്രിൻസിപ്പൽമാർ ചൂണ്ടിക്കാട്ടിയതും കത്തിലുണ്ട്. രണ്ടാമത്തെ കത്ത് തന്‍റെ അറിവോടെയല്ലെന്നാണ് വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.