തിരുവനന്തപുരം: സർക്കാർ എതിർപ്പ് അവഗണിച്ച് ചാൻസലറായ ഗവർണറുടെ നിർദേശപ്രകാരം ആഗസ്റ്റ് 14ന് കാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കാൻ നിർദേശം നൽകി കേരള, കണ്ണൂർ സർവകലാശാലകൾ. രണ്ട് സർവകലാശാലകളും ഇത് സംബന്ധിച്ച് സർക്കാർ കോളജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് കോളജുകൾക്കും കാമ്പസ് ഡയറക്ടർമാർക്കും കത്തയച്ചു.
കാമ്പസുകളിൽ സെമിനാർ, നാടകം, പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണെന്നും നടത്താൻ പോകുന്ന പരിപാടികളുടെ ആക്ഷൻ പ്ലാൻ ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കണ്ണൂരിൽ രജിസ്ട്രാർക്ക് വേണ്ടി വിദ്യാർഥി ക്ഷേമവിഭാഗം ഡയറക്ടർ ഡോ. കെ.വി. സുജിത്തും കേരള സർവകലാശാലയിൽ കോളജ് ഡെവലപ്മെന്‍റ് കൗൺസിൽ ഡയറക്ടറുടെ ചുമതലയുള്ള ഡോ. വി. ബിജുവുമാണ് കോളജുകൾക്ക് കത്തയച്ചത്.
സംസ്ഥാന സർക്കാറിന്‍റെ കോളജുകൾക്കും സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് കോളജുകൾക്കും സർക്കാർ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന മറ്റ് അഫിലിയേറ്റഡ് കോളജുകൾക്കും സർക്കാർ എതിർപ്പ് അവഗണിച്ച് പരിപാടി നടത്താൻ സർവകലാശാലകൾ കത്തയച്ചത് ഗൗരവമായി കാണുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കി. സർക്കാർ അറിയാതെ സർവകലാശാലകളിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട പ്രകാരം രൂപപ്പെടുത്തിയ വിഭജന ഭീതി ദിനാചരണം സംഘടിപ്പിക്കാനുള്ള ഗവർണറുടെ നിർദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ രൂക്ഷ വിമർശനം നടത്തിയിരുന്നു. സംഘ്പരിവാറിന്‍റെ അജണ്ട നടപ്പാക്കാനുള്ള വേദിയായി കേരളത്തിലെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കാമ്പസുകളിൽ പരിപാടി സംഘടിപ്പിച്ചാൽ തടയുമെന്ന് വ്യക്തമാക്കി എസ്.എഫ്.ഐയും കെ.എസ്.യുവും രംഗത്തുവന്നു. ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ സർവകലാശാല, കോളജ് കാമ്പസുകളിൽ വീണ്ടും സംഘർഷ സാഹചര്യമൊരുക്കാനുള്ള വഴിയാണ് ഗവർണറുടെ പുതിയ ദിനാചരണ നിർദേശം തുറക്കുന്നതെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.
അതിനിടെ, കേരള സർവകലാശാലയിൽ ദിനാചരണത്തിന് കോളജുകൾക്ക് നിർദേശം നൽകിയ കോളജ് ഡെവലപ്മെന്‍റ് കൗൺസിൽ ഡയറക്ടറായ ഡോ. വി. ബിജു ഇടത് അധ്യാപക സംഘടന മുൻ പ്രസിഡന്‍റും സംസ്ഥാനതല ഫെഡറേഷന്‍റെ നേതാവുമാണ്. നടപടി ഇടതുകേന്ദ്രങ്ങളിൽ വിമർശന വിധേയമായതോടെ, വൈസ് ചാൻസലറുടെ ഓഫിസിന്‍റെ നിർദേശ പ്രകാരമാണ് കത്തയച്ചതെന്നും ബന്ധപ്പെട്ട അതോറിറ്റികളുടെ അനുമതിയോടെ മാത്രമേ പരിപാടി സംഘടിപ്പിക്കാവൂ എന്നും വ്യക്തമാക്കി ഡോ. ബിജു പ്രിൻസിപ്പൽമാർക്ക് വീണ്ടും കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.