തൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ പരാജയപ്പെടുത്തിയത് കോൺഗ്രസുകാർ തന്നെയാണെന്നും തൃശൂരിലെ കോൺഗ്രസുകാരിൽ നല്ലൊരു ശതമാനവും സംഘ്പരിവാർ ആഭിമുഖ്യം പുലർത്തുന്നവരാണെന്നും ഡി.സി.സി മുൻ ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്.
അന്ന് സിറ്റിങ് എം.പിയായിരുന്ന വ്യക്തിയടക്കം മുരളീധരന്റെ പരാജയത്തിന് കാരണക്കാരനാണ്. ഉത്തരവാദികളായ പലരുടെയും പേരുകൾ കെ. മുരളീധരൻതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കെ.പി.സി.സി അന്വേഷണ കമീഷൻ കോൺഗ്രസ് നേതാക്കളുടെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകിയിരുന്നു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വെള്ളൂർ രാജിവെച്ചതല്ലാതെ മറ്റു നടപടിയുണ്ടായില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് പരാജയത്തിനും ബി.ജെ.പി വിജയത്തിനും പ്രധാന ഉത്തരവാദിയായ സിറ്റിങ് എം.പിയായിരുന്ന വ്യക്തിക്കെതിരെ നടപടിയെടുത്തില്ല. മാത്രമല്ല, അദ്ദേഹത്തിന് തൃശൂർ ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്ന അദൃശ്യ ചുമതല നൽകിയതായും മൂന്നു തവണ നഗരസഭ കൗൺസിലറും അർബൻ ബാങ്ക് ചെയർമാനുമായിരുന്ന യതീന്ദ്രദാസ് കുറ്റപ്പെടുത്തി. സംഘ്പരിവാർ സംഘടനകളുമായി പരസ്യമായും രഹസ്യമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കോൺഗ്രസ് ഭാരവാഹികളായി തുടരുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.