മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപിച്ച കെ.ടി.ജലീൽ എം.എൽ.എക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.
പരാതി കൊടുക്കുന്നതൊക്കെ കൊള്ളാം, പൊലീസ് അന്വേഷണത്തിൽ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ട് ചവറ്റുകൊട്ടയിലിട്ടാൽ അവരെ സസ്പെൻഡ് ചെയ്യരുതെന്നും സ്വകാര്യ അന്യായം കോടതി എടുത്ത് തോട്ടിലെറിയുമ്പോൾ ജഡ്ജിയെ തെറി വിളിക്കരുതെന്നും ഫിറോസ് പരിഹസിച്ചു.
പരമ്പരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത പി.കെ ഫിറോസ് സെന്റിന് ലക്ഷങ്ങൾ വില വരുന്ന സ്ഥലം വാങ്ങിയെന്നും ഒരു കോടിയുടെ വീട് വെച്ചുവെന്നുമുള്ള ജലീലിന്റെ ആരോപണങ്ങൾക്കാണ് ഫിറോസ് ഫേസ്ബുക്കിൽ മറുപടി പറഞ്ഞത്.
ഒരു പണിയുമെടുക്കാതെ സ്ഥലം വാങ്ങുന്നതും വീട് വെക്കുന്നതുമൊക്കെ കൂടെയുള്ളവരുടെ ശീലമല്ലേയെന്ന് പറഞ്ഞ ഫിറോസ്, എന്നും രാവിലെ എണീറ്റാൽ പി.കെ ഫിറോസ്, പി.കെ ഫിറോസ്, ലീഗ്, ലീഗ് ഉരുവിടലാണ് ജലീലിന്റെ ഇപ്പോഴത്തെ ജോലിയെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
"നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്. എന്നും രാവിലെ എണീറ്റാൽ "പി.കെ ഫിറോസ്, പി.കെ ഫിറോസ്" എന്ന് പല വട്ടം ഉരുവിടുക, പിന്നെ ഇടക്കിടക്ക് "വയനാട് വയനാട്'' "ലീഗ് ലീഗ്'' എന്ന് പിച്ചും പേയും പറയുക. ഇതൊക്കെയാണ് ഇക്കാൻ്റെ ഇപ്പോഴത്തെ ജോലി.
എനിക്കെതിരെ പരാതി കൊടുക്കാൻ വേണ്ടി മാത്രം സർക്കാർ ശമ്പളം കൊടുത്ത് ഒരാളെ മന്ത്രി ആപ്പീസിൽ ജോലിക്കെന്ന പേരിൽ നിയമിച്ചിരുന്നു. അയാള് നാടായ നാട് മുഴുവൻ പരാതി കൊടുത്തു. എന്നിട്ടെന്തായി? എല്ലാം ഖുദാ ഗവ😜! എന്ത് ചെയ്താലും കൈവിട്ട വാക്കും തെറിച്ചു പോയ മന്ത്രി സ്ഥാനവും തിരികെ കിട്ടൂല ഇക്കാ.
ഇപ്പോ ഇക്ക തന്നെ യുദ്ധം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. 2011ൽ 13 സെൻ്റ് സ്ഥലം വാങ്ങിയത് ഇക്കാക്ക് സഹിച്ചിട്ടില്ലത്രേ! എം.എൽ.എയും മന്ത്രിയുമൊന്നുമല്ലാത്ത ഒരാൾക്ക് ഇതൊക്കെ എങ്ങിനെ സാധിച്ചു എന്ന് പുള്ളിയെ ബോധ്യപ്പെടുത്തിയിട്ടല്ലത്രേ! പോരാത്തതിന് 2013ൽ വീട് പണിയും തുടങ്ങി. 2020 ആകുമ്പോഴേക്ക് പണിയും തീർത്തു. ഇതൊക്കെ ഇക്ക എങ്ങിനെ സഹിക്കും?
ഒരു പണിയുമെടുക്കാതെ സ്ഥലം വാങ്ങുന്നതും വീട് വെക്കുന്നതുമൊക്കെ കൂടെയുള്ളവരുടെ ശീലമല്ലേ ഇക്കാ? മുമ്പൊരു നേതാവിൻ്റെ വീട് കാണാൻ പോയതും അതിൻ്റെ പേരിൽ അവരെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതുമൊക്കെ ഇക്ക മറക്കാനിടയില്ലല്ലോ? സേവനമൊന്നും നൽകാതെ ലക്ഷങ്ങൾ വാങ്ങിയ ഒരു കേസ് കൂടെയുള്ളവർ ഇപ്പോ നടത്തുന്നതും അറിഞ്ഞൂടെ ഇക്കാക്ക്. എല്ലാരും അങ്ങിനെ ആണെന്ന് വിചാരിക്കല്ലേ ഇക്കാ.
ഇക്കാ
ഒന്ന് ചോദിച്ചോട്ടെ
എനിക്ക് ജോലിയും കൂലിയുമില്ലാന്ന് ഒരു ഭാഗത്ത് പറയുകയും വേറൊരു ഭാഗത്ത് ട്രാവൽസും വില്ല പ്രോജക്ടുമൊക്കെ ഉണ്ടെന്നും പറയുന്നത് കേട്ടല്ലോ! ഒന്നും അങ്ങോട്ട് മെനയാകുന്നില്ലല്ലോ ഇക്കാ!
പിന്നെ ഇക്കാ,
പരാതി കൊടുക്കുന്നതൊക്കെ കൊള്ളാം. പോലീസ് അന്വേഷണം നടത്തി ഇക്കാൻ്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ചവറ്റു കൊട്ടയിലിട്ടാൽ അവരെ സസ്പെൻ്റ് ചെയ്യരുത്. അതും കഴിഞ്ഞ് ഇക്ക കൊടുക്കുന്ന സ്വകാര്യ അന്യായം കോടതി എടുത്ത് തോട്ടിലെറിയുമ്പോൾ ജഡ്ജിയെ തെറി വിളിക്കരുത്.
ഇക്കാ...
ഇക്കയുടെ അഴിമതിയും പിൻവാതിൽ നിയമനവും ഞാൻ കയ്യോടെ പൊക്കിയതിന് ശേഷം ഇക്കഴിഞ്ഞ ഏഴ് കൊല്ലമായിട്ട് എനിക്കെതിരെ എന്തെല്ലാം അന്വേഷണം നടത്തി, എവിടെയെല്ലാം പരാതി നൽകി. എന്നിട്ട് എന്തെങ്കിലും ആയോ ഇക്കാ?
അത് കൊണ്ട് അവസാനമായിട്ട് പറയാണ്
നീ നെനച്ചാൽ എതുമേ മുടിയാത് അണ്ണാ..."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.