മലപ്പുറം: സമസ്തക്ക് കീഴിലുള്ള ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സ്റ്റിയിലേക്ക് സി.പി.എം നടത്തിയ മാർച്ചിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ഥാപനത്തിലേക്ക് നടത്തിയ മാർച്ച് പാർട്ടിക്ക് ഒരിക്കലും ഗുണകരമായ കാര്യമല്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, സ്ഥാപനങ്ങളുടെ മാനേജ്മെന്റുമായി അക്കാര്യം സംസാരിക്കണം. അല്ലാതെ പ്രതിഷേധം നടത്തി സ്ഥാപനത്തെ താറടിക്കാൻ ആരും ശ്രമിക്കരുത് -അദ്ദേഹം പറഞ്ഞു.
കുടിവെള്ളം മലിനമാക്കുന്നുവെന്നും പാടം മണ്ണിട്ട് നികത്തുന്നുവെന്നും ആരോപിച്ചാണ് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്വി വൈസ് ചാൻസലറായ ദാറുൽ ഹുദയിലേക്ക് കഴിഞ്ഞ ദിവസം സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ, മാർച്ചിൽ പ്രസംഗിച്ച സി.പി.എം നേതാക്കൾ പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതിന് പകരം സ്ഥാപനത്തെയും ബഹാഉദ്ദീൻ നദ്വിയെയും അധിക്ഷേപിച്ചാണ് സംസാരിച്ചത്.
സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായ ബഹാവുദ്ദീൻ നദ് വിക്കെതിരെ സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം ടി. കാർത്തികേയൻ രൂക്ഷമായ ഭാഷയിൽ നടത്തിയ വിവാദപ്രസ്താവന ഇതിനകം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. നാടിന്റെ ബഹുസ്വരതക്ക് നിരക്കാത്ത സിദ്ധാന്തങ്ങളും ആശയങ്ങളുമാണ് ദാറുൽഹുദയിൽനിന്ന് പ്രചരിപ്പിക്കുന്നതെന്ന് കാർത്തികേയൻ പ്രസംഗത്തിൽ ആരോപിച്ചു. ചില താലിബാനിസ്റ്റുകൾ സോഷ്യലിസ്റ്റ് ചേരിയെ തകർക്കുന്നതിനുവേണ്ടി സാമ്രാജ്യത്വ ഏജന്റായി ഇസ്ലാമിനെ ഉപയോഗപ്പെടുത്തുന്നു. ഇതിന് ജമാഅത്തെ ഇസ്ലാമിയും ചില സലഫി ഗ്രൂപ്പുകളും മുന്നിൽ നിൽക്കുന്നുവെന്നും കാർത്തികേയൻ പറഞ്ഞു.
ബഹാവുദ്ദീൻ നദ്വിക്ക് സി.പി.എമ്മിന്റെ ചുവന്ന കൊടി കാണുമ്പോൾ കൃമികടിയാണെന്നും അദ്ദേഹം ലീഗിന്റെ കോളാമ്പിയായാണ് സംസാരിക്കുന്നതെന്നും മറ്റൊരു സി.പി.എം ഏരിയ കമ്മിറ്റി അംഗമായ സി. ഇബ്രാഹിംകുട്ടി പറഞ്ഞതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാരിസ്ഥിതികപ്രശ്നം പറഞ്ഞ് സി.പി.എം നടത്തിയ മാർച്ച് വ്യക്തികളെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള സമരമായിത്തീർന്നെന്നും ഇസ്ലാമോഫോബിക് വളർത്തുന്ന രീതിയിലുള്ള പ്രസ്താവനകളെക്കൊണ്ട് നിറഞ്ഞതാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മാനി പാടത്ത് മണ്ണിട്ടുനികത്തിയ വേറെയും സ്ഥാപനങ്ങൾ ഉണ്ടായിരിക്കെ ദാറുൽഹുദയിലേക്കു മാത്രം നടത്തിയ മാർച്ച് ദുരുദ്ദേശ്യപരമാണെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫിലെ മറ്റു ഘടകകക്ഷികൾക്കും വിഷയത്തിൽ മുറുമുറുപ്പുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.