കോട്ടയം: മലങ്കരസഭയുടെ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിന് തടസമില്ലെന്നിരിക്കെ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിഘടിത വിഭാഗം ശ്രമിക്കുകയാണെന്ന് ഓർത്തഡോക്സ് സഭ.
പള്ളി സെമിത്തേരി തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തെ വിധികൾക്ക് അനുസൃതമായും, സംസ്ഥാന സർക്കാരിന്റെ സെമിത്തേരി ഓർഡിനൻസിന് വിധേയമായും മൃതദേഹം സംസ്കരിക്കുന്നതിനെ ആരും എതിർത്തിട്ടില്ല. സംസ്ക്കാരം നടത്തിക്കൊടുക്കാനുള്ള സന്നദ്ധത ഇടവക വികാരി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു. നിയമപരമായി അധികാരമില്ലാത്ത വിഘടിത വിഭാഗത്തിലെ വൈദികർ പള്ളിയിലും സെമിത്തേരിയിലും പ്രവേശിക്കുന്നത് പൊലീസാണ് തടഞ്ഞത്.
മലങ്കരസഭയുടെ ആറു പള്ളികൾ സംബന്ധിച്ച കേസ് ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെ മന:പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നാടകമാണ് ഇപ്പോൾ അരങ്ങേറുന്നത്. പള്ളികളിൽ പ്രശ്നങ്ങളുണ്ടെന്ന വ്യാജവാർത്തകൾ നിർമ്മിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണം.
മരണപ്പെട്ടയാളിന്റെ ബന്ധുക്കൾക്ക് സെമിത്തേരിയിൽ പ്രവേശിക്കുന്നതിന് യാതൊരു തടസവുമില്ലാതിരിക്കെ പുകമറ സൃഷ്ടിക്കാനാണ് വിഘടിത വിഭാഗം ശ്രമിക്കുന്നത്. മുളന്തുരുത്തി പള്ളിയിൽ 20 വർഷം മുമ്പ് മരിച്ച വ്യക്തിയുടെ കല്ലറയിൽ ആരാധന നടത്തണമെന്ന വിഘടിത വിഭാഗത്തിന്റെ ആവശ്യം ഹൈകോടതി തള്ളിയതാണ്.
നിയമപ്രകാരം നിയമിതനായ വികാരിയോട് ആവശ്യം ഉന്നയിക്കൂവെന്ന് കോടതി ഉത്തരവിട്ടത് ഏതാനും ദിവസം മുമ്പാണ്. വസ്തുത ഇതായിരിക്കെ വീണ്ടും മരണപ്പെട്ടവരുടെ ശരീരത്തെ ഇത്തരം നാടകങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് യോജിക്കുന്നതല്ലെന്നും സഭ ചോദികുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.