അറസ്റ്റിലായ നിധിൻ പി. മോനച്ചൻ
സുൽത്താൻബത്തേരി: 10 ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം.എയുമായി കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന കണ്ണൂർ സ്വദേശി സുൽത്താൻ ബത്തേരിയിൽ പിടിയിലായി. കണ്ണൂർ പയ്യന്നൂർ അരവഞ്ചാൽ സ്വദേശി പള്ളിത്താഴത്ത് വീട്ടിൽ നിധിൻ പി. മോനച്ചൻ (27) ആണ് അറസ്റ്റിലായത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഗുണ്ടൽപേട്ടിൽ നിന്നും സുൽത്താൻബത്തേരിക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്നു നിധിൻ. ഇയാളിൽനിന്ന് 195.414 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തു.
ഇയാൾ ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാനകണ്ണിയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഓണം സ്പെഷ്യൽ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയും നിരീക്ഷണവും നടത്തുമെന്നും ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പരിശോധനക്ക് സുൽത്താൻബത്തേരി എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി. ഹരിദാസ്, പ്രിവൻറ്റീവ് ഓഫിസർമാരായ പി. കൃഷ്ണൻകുട്ടി, എ.എസ്. അനീഷ്, പി.ആർവിനോദ്, കെ വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി. അമൽ തോമസ്, വി. ബി.നിഷാദ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ. പ്രസാദ് എന്നിവർ നേതൃത്വം നൽകി. വിവരമറിഞ്ഞ് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ.ഷാജി സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.