സുരേഷ് ഗോപിയുടെ ഓഫിസിലേക്ക് സി.പി.എം മാര്‍ച്ച്; ബോർഡിൽ ചെരുപ്പ് മാലയിട്ട്, കരി ഓയിൽ ഒഴിച്ച് പ്രവർത്തകർ

തൃശൂർ: ജനാധിപത്യപരമായ വോട്ടവകാശം അട്ടിമറിച്ചതിലും കന്യാസ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പുലർത്തുന്ന മൗനത്തിലും പ്രതിഷേധിച്ച് സി.പി.എം തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി.

സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ കേന്ദ്രമന്ത്രിയുടെ ഓഫിസ് ബോർഡിലേക്ക് കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സി.പി.എം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.

ചേറൂർ പള്ളിമൂല സെന്ററിൽനിന്ന് പ്രകടനവുമായി എത്തിയ പ്രവർത്തകരെ ഓഫിസ് പരിസരത്ത് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയായിരുന്നു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ രംഗം വഷളായി. ഇതിനിടെയാണ് ചില പ്രവർത്തകർ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചത്. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മാർച്ച് സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനൂപ് ഡേവീസ് കാട അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം പി.കെ. ഷാജൻ, ജില്ല കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, വിൽവട്ടം ലോക്കൽ സെക്രട്ടറി ടി.ആർ. ഹിരൺ എന്നിവർ സംസാരിച്ചു. അതേസമയം, കേന്ദ്രമന്ത്രിയുടെ ക്യാമ്പ് ഓഫിസ് അക്രമിച്ച സി.പി.എമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബി.ജെ.പിക്ക് അതനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്.

കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി അധ്യക്ഷൻ അറിയിച്ചു.

സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സി.പി.എമ്മിന് മാത്രമായിരിക്കും. ജനാധിപത്യപരമായ സമരങ്ങളെ ബി.ജെ.പി അംഗീകരിക്കും, അതിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ സി.പി.എമ്മിന്റെ യഥാര്‍ഥ മുഖം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി തുറന്നുകാട്ടും. രാഹുല്‍ ഗാന്ധി തുറന്നുവിട്ട നുണപ്രചാരണം ഏറ്റുപിടിച്ച് ബി.ജെ.പിക്കെതിരെ കായികപരമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ അതനുവദിക്കില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാരെയാണ് സി.പി.എമ്മും കോണ്‍ഗ്രസും അപമാനിക്കുന്നത്. ഇത്തരം പ്രതിഷേധ നാടകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബി.ജെ.പിക്കും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കേണ്ടിവരും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ, വോട്ടർപട്ടിക ക്രമക്കേടിലും ഉത്തരേന്ത്യയിൽ വൈദികർക്കെതിരെ നടന്ന ആക്രമണങ്ങളിലും മൗനം പാലിക്കുന്ന സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ആർ. ബിന്ദുവും രംഗത്തുവന്നിരുന്നു. സുരേഷ് ഗോപി എം.പി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിന് തയാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തും ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ എം.പിയെ കാണാനില്ലെന്ന് പറയുന്നുണ്ടെന്നും വോട്ട് ക്രമക്കേട്, വൈദികർക്കുനേരെയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങളിലൊന്നും അദ്ദേഹത്തെ കാണാനില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു. ഏത് മാർഗം ഉപയോഗിച്ചും അധികാരത്തിൽ എത്താനാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ പള്ളികളിൽ നിരന്തരം കയറിയിറങ്ങുകയും കുരുത്തോല പ്രദക്ഷിണം നടത്തുകയും മാതാവിന് കിരീടം നൽകുകയും ചെയ്ത എം.പി, കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ മിണ്ടാൻ തയാറാകുന്നില്ലെന്നത് ക്രൈസ്തവസമൂഹം കാണുന്നുണ്ടാകും. നേരും നെറിയുമില്ലാത്ത സമീപനമാണ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് നടന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - CPM marches to Suresh Gopi's Trissur office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.