സുരേഷ് ഗോപിയെ കാണാനില്ല! പൊലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ കെ.എസ്.യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും സുരേഷ് ഗോപിയെ ട്രോളിയിരുന്നു. ‘തൃശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും സമാനരീതിയിൽ സുരേഷ് ഗോപിയെ പരിഹസിച്ചിരുന്നു.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. കുറച്ചുദിവസങ്ങളായി തൃശൂർ ലോക്സഭാ മണ്ഡലത്തിലും സുരേഷ് ഗോപിക്ക് പരിപാടികളൊന്നുമില്ല. എം.പിയുടെ ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും കേന്ദ്ര മന്ത്രി എന്നുവരുമെന്ന കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഗോകുൽ പറയുന്നു.

പിന്നാലെയാണ് ഇ-മെയിൽ വഴി പൊലീസിൽ പരാതി നൽകിയത്. തിരോധാനത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ‘തൃശൂർ പാർലമെന്‍റ് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എം.പിയെ കഴിഞ്ഞ ഛത്തീസ്ഗഢ് വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ്ത നടപടിക്കുശേഷം തൃശൂർ മണ്ഡലത്തിൽ എവിടെയും കാണാൻ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെ ആണെന്നും കണ്ടെത്തണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു’ -പരാതിയിൽ പറയുന്നു.

 

Tags:    
News Summary - Suresh Gopi missing! Complaint filed with Guruvayur East Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.