എം.ബി രാജേഷ്

മദ്യം ഓഫ്‌ലൈനിൽ തന്നെ; ഓണ്‍ലൈൻ വിൽപന ആലോചനയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈൻ വിൽപന ആലോചനയില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വരുമാന വർധനവിന് പലവഴി ആലോചിക്കും. ബെവ്കോയുടെ ഭാഗത്തുനിന്ന് പല ശുപാർശകളും വരും.  ചർച്ച നടത്തിയിട്ടാണ് തീരുമാനം ഉണ്ടാകുന്നത്. എന്നാൽ നിലവിൽ മദ്യവിൽപ്പന ഓൺലൈനിലാക്കാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

മദ്യനയം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മദ്യ വിൽപനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസ്റ്റിലറി അനുവദിച്ചവർ ഇവിടെ ശക്തമായ വിമർശനം ഉന്നയിച്ചതടക്കം ഓര്‍ക്കണം. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറ‍ഞ്ഞു. 

ഓണ്‍ലൈനായി മദ്യവിൽപനയിൽ ബെവ്കോ എം.ഡി സർക്കാറിന് ശുപാർശ സമർപ്പിച്ചിരുന്നു. ഓണ്‍ലൈൻ വിൽപനക്കായി ബെവ്‍കോ പുതിയ മൊബൈൽ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. സ്വിഗ്ഗിയടക്കമുള്ള കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് ബെവ്കോ അനുമതി തേടിയിരുന്നു.

ബെവ്‍കോയുടെ ശുപാർശ പ്രകാരം 23 വയസിന് മുകളിലുള്ള ആളുകൾക്ക് മാത്രമേ മദ്യം വാങ്ങിക്കാൻ കഴിയൂ. മദ്യം വാങ്ങുന്നതിന് മുമ്പ് പ്രായം തെളിക്കുന്ന രേഖ നൽകണം. ഇതിനൊപ്പം വിൽപന കൂട്ടാനായി വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ശുപാര്‍ശയിലുണ്ട്. ടൂറിസ്റ്റുകളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ആവശ്യം ഉയരുന്നതായി ബെവ്കോ അറിയിച്ചു. വിദേശ നിര്‍മിത ബിയര്‍ വിൽപനയും അനുവദിക്കണമെന്ന ആവശ്യവും ബെവ്കോ ഉന്നയിച്ചിട്ടുണ്ട്. 

അതേസമയം, കേരളത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യ കുപ്പികൾ തിരികെ എടുക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. തിരികെ നൽകുന്ന മദ്യ കുപ്പികൾക്ക് കുപ്പി ഒന്നിന്ന് 20 രൂപ വെച്ച് നൽകും. പ്ലാസ്റ്റിക്, ചില്ലു കുപ്പികളാണ് തിരിച്ചെടുക്കുന്നത്.

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തും കണ്ണൂരും സെപ്തംബറോടെ നടപ്പിലാക്കാനാണ് തീരുമാനം. ക്യു.ആർ കോഡ് പതിച്ച കുപ്പികൾ വാങ്ങിയ ഔട്ട്‍ലെറ്റിൽ തന്നെ തിരികെ ഏൽപ്പിച്ച് പണം അക്കൗണ്ടിലേക്ക് വാങ്ങാം.

Tags:    
News Summary - Minister says no plans for Liquor online sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.