കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവില്‍ കഴിയുന്ന ഗായകൻ റാപ്പര്‍ വേടന്‍ എന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളിയുടെ ലൊക്കേഷന്‍ പരിശോധിച്ച് വരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ല. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും കമീഷണര്‍ പറഞ്ഞു.
ബലാത്സംഗക്കേസിൽ പ്രതിയായതോടെയാണ് വേടൻ ഒളിവിൽപോയത്. തൃശൂരിലെ വീട്ടില്‍ പൊലീസെത്തിയിരുന്നെങ്കിലും വേടനുണ്ടായിരുന്നില്ല. തുടർന്ന് വേടന്റെ ഫോണ്‍ കണ്ടെടുത്തിരുന്നു. വനിതാ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറാണ് പരാതി നൽകിയത്. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
സമൂഹമാധ്യമത്തിലൂടെയാണ് വേടനെ പരിചയപ്പെട്ടത്. 2021 ഓഗസ്റ്റില്‍ യുവതിയുടെ ഫ്ലാറ്റിലെത്തിയ വേടന്‍ പിന്നീട് ബലാല്‍സംഗം ചെയ്തു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് വേടന്‍ വാഗ്ദാനം ചെയ്തിരുന്നു. പി.ജിക്ക് പഠിക്കുന്ന കാലത്താണ് വേടനോട് ആരാധന തോന്നിയത്. 2023 മാര്‍ച്ചില്‍ ടോക്സിക്കെന്ന് വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറി. പുതിയ ആല്‍ബം പുറത്തിറക്കാനടക്കം വേടന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഹൈകോടതിയെ സമീപിച്ചിരിക്കുന്ന വേടൻ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഡോക്ടറുമായി ഉണ്ടായിരുന്നതെന്നും പിണങ്ങിക്കഴിഞ്ഞപ്പോൾ ആരോപണം ഉന്നയിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യ ഹരജിയിൽ പറയുന്നു. തനിക്കെതിരെ പരാതി നല്‍കുമെന്ന് കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ആഗസ്റ്റ് 18നാണ് ഹൈകോടതി ജാമ്യഹരജി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.