പത്തനംതിട്ട: എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. അജിത്കുമാറിനൊപ്പം രണ്ട് പേഴ്സനല്‍ സ്റ്റാഫും ട്രാക്ടറിലുള്ളതായി ദൃശ്യങ്ങളിലുണ്ട്. പൊലീസ് ഡ്രൈവർ വിവേകാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. അതുകൊണ്ടുതന്നെ യാത്ര മുൻകൂട്ടി തീരുമാനിച്ചതാണെന്നാണ് വ്യക്തമാകുന്നത്. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പമ്പയില്‍നിന്ന് സന്നിധാനം വരെയുള്ള സി.സി.ടി.വി കാമറകളില്‍ ഒരു വളവിലുള്ള കാമറ മാത്രമാണ് പ്രവര്‍ത്തനക്ഷമമായിരുന്നത്. അതില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്.
നവഗ്രഹ വിഗ്രഹപ്രതിഷ്ഠ നടന്ന ദിവസമാണ് അജിത്കുമാര്‍ ശബരിമലയിലെത്തിയത്. പമ്പ-സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും ഹൈകോടതി വിധിയുള്ളതാണ്. ഇത് അവഗണിച്ചാണ് പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും അജിത്കുമാര്‍ യാത്ര നടത്തിയത്.
അടുത്ത തിങ്കളാഴ്ചയാണ് ഹൈകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. സംഭവത്തില്‍ പമ്പ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാലുവേദനയായിരുന്നതിനാലാണ് ട്രാക്ടറിൽ കയറിയതെന്നാണ് അജിത്കുമാർ നൽകിയ വിശദീകരണം. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് മറ്റ് തീർഥാടകർക്ക് തടസ്സമുണ്ടാകുന്ന രീതിയിൽ ശ്രീകോവിൽ നടയിൽ അജിത്കുമാർ കൂടുതൽ സമയംനിന്ന് ദർശനം നടത്തിയതും വിവാദമായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് എ.ഡി.ജി.പി സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഞായറാഴ്ച മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.