മഞ്ചേരി മഞ്ഞപ്പറ്റയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ
സൈനുൽ ആബിദീൻ ആണ് പിടിയിലായത്കോഴിക്കോട്: ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ അധ്യാപകനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഞ്ചേരി മഞ്ഞപ്പറ്റയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ സൈനുൽ ആബിദീൻ കറുമ്പിലിനെയാണ് വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് പ്രതി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയായിരുന്നു. ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കേസിലെ മറ്റു പ്രതികളായ കൊടുവള്ളി സ്വദേശി മുഹമ്മദ് ഷുഹൈബ്, മലപ്പുറം കോൽമണ്ണ സ്വദേശി ടി. ഫഹദ്, കോഴിക്കോട് പാവങ്ങാട് സ്വദേശി സി.കെ. ജിഷ്ണു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തി എം.എസ് സൊലൂഷൻ എന്ന സ്ഥാപനത്തിന്റെ യൂട്യൂബ് ചാനലിൽ പ്രഡിക്ഷൻ എന്ന പേരിൽ സംപ്രേഷണം ചെയ്ത് പണമുണ്ടാക്കിയെന്നാണ് കേസ്. മുഖ്യപ്രതി ഷുഹൈബ് പ്രതികളായ സ്കൂൾ അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.